മുംബൈ: പതിനഞ്ച് വർഷത്തോളം പോലീസിനെ കബളിപ്പിച്ച് മുങ്ങി നടന്ന പിടികിട്ടാപ്പുള്ളി ഗുജറാത്തിൽ പിടിയിലായി. 2007ൽ മുംബൈ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ 38കാരൻ പ്രവീൺ അഷുഭ ജഡേജയാണ് വർഷങ്ങൾക്കിപ്പുറം പിടിയിലായത്. രൂപമാറ്റം വരുത്തി ഗുജറാത്തിൽ കഴിഞ്ഞ പ്രതിയെ വായിലെ സ്വർണ്ണപ്പല്ല് വെച്ചാണ് തിരിച്ചറിഞ്ഞത്.
മുംബൈയിലെ തുണിക്കടയിൽ ജോലി ചെയ്തിരുന്ന ഇയാൾ 2007ൽ കടയുടമയെ കബളിപ്പിച്ച് 40,000 രൂപയുമായി കടന്നുകളയുകയായിരുന്നു. മറ്റൊരു വ്യാപാരിയിൽ നിന്ന് പണം വാങ്ങിവരാൻ പ്രവീണിനെ ഏൽപ്പിച്ചെങ്കിലും ഇയാൾ അത് മോഷ്ടിച്ചു. ശുചിമുറിയിൽ കയറിയപ്പോൾ പണമടങ്ങിയ ബാ?ഗ് ആരോ തട്ടിയെടുത്തതായി പോലീസിനെയും കടയുടമയെയും ധരിപ്പിച്ചു.
പിന്നീടുള്ള അന്വേഷണത്തിൽ മൊഴി കള്ളമാണെന്ന് വ്യക്തമായതോടെ പ്രവീണിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയതോടെ ഒളിവിൽ പോയ ഇയാളെ പിന്നീട് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
പ്രതിയുടെ മുൻ കൂട്ടാളികളെ ചോദ്യം ചെയ്തപ്പോൾ പ്രവീൺ കച്ചിൽ ഒരു ഗ്രാമത്തിൽ ഒളിവിൽ കഴിയുകയാണെന്ന് വിവരം ലഭിച്ചു. തുടർന്ന് എൽഐസി ഏജന്റുമാരെന്ന വ്യാജേന സമീപിക്കുകയും മുംബൈയിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. വായിലുള്ള രണ്ട് സ്വർണ്ണപ്പല്ലുകൾ വെച്ച് തിരിച്ചറിഞ്ഞ ഇയാളെ ഉടനടി അറസ്റ്റ് ചെയ്തു.