കൊച്ചി: 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജാര്‍ഖണ്ഡില്‍ നിന്ന് അബദ്ധത്തില്‍ ട്രെയിന്‍ മാറിക്കയറി കേരളത്തിലെത്തിയ 43കാരി അധികൃതരുടെ കാരുണ്യത്തില്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നു. ജാര്‍ഖണ്ഡിലെ ബുക്കാറോ ജില്ലയിലെ ബിജോഡി ഗ്രാമവാസിയായ ദ്രൗപതിയാണ് ഒരു പതിറ്റാണ്ട് കാലത്തെ കേരളവാസത്തിന് ശേഷം മകനൊപ്പം നാട്ടിലേക്ക് മടങ്ങുന്നത്.
ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന് മാനസികമായി തളര്‍ന്ന ദ്രൗപതി ഒറ്റയ്ക്കുള്ളൊരു യാത്രയിലാണ് അബദ്ധത്തില്‍ ട്രെയിന്‍ മാറിക്കയറി കേരളത്തിലെത്തിയത്. കേരളത്തിലെ അപരിചിതമായ സ്ഥലങ്ങളും വ്യക്തികളും തളര്‍ന്നിരുന്ന ദ്രൗപതിയുടെ മനസിനെ വീണ്ടും ഉലച്ചു.
തുടര്‍ന്ന് വഴിയില്‍ അലഞ്ഞുതിരിഞ്ഞ ദ്രൗപതിയെ പോലീസ് തൃശൂരിലെ മെന്റല്‍ ഹെല്‍ത്ത് സെന്ററില്‍ (ആശാഭവന്‍) എത്തിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം സാമൂഹ്യനീതി വകുപ്പിന്റെ പ്രത്യാശ പദ്ധതിയുടെ ഭാഗമായി ദ്രൗപതിയുടെ വിലാസം അറിയാനും ബന്ധുക്കള്‍ക്കു കൈമാറാനും ശ്രമം തുടങ്ങി.
ഇതിന്റെ ഭാഗമായി ദിവ്യകാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മലയാറ്റൂരിലെ മാര്‍ വാലാഹ് ദയറായുടെ ഭാഗമായ കോട്ടയത്തെ സെന്റ ബക്കീത്ത റിഹാബിലിറ്റേഷന്‍ ട്രെയ്‌നിംഗ് സെന്ററില്‍ ദ്രൗപതിയെ എത്തിച്ചു. കോ-ഓര്‍ഡിനേറ്ററും ഭാഷാസഹായിയും ചേര്‍ന്ന് ദ്രൗപതിയുടെ സ്വദേശത്തെക്കുറിച്ചറിയാന്‍ നടത്തിയ ശ്രമം നാളുകള്‍ക്കുശേഷമാണു ഫലം കണ്ടത്.
സംസാരത്തിനിടയില്‍ ബിജോഡി ഗ്രാമത്തെക്കുറിച്ചു ദ്രൗപതി സൂചിപ്പിച്ചത് വഴിത്തിരിവായി. തുടര്‍ന്ന് അവിടുത്തെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ 43കാരിയായ ദ്രൗപതിയുടെ കുടുംബത്തെ തിരിച്ചറിയുകയായിരുന്നു.
നാടു വിടുമ്പോള്‍ കുഞ്ഞുങ്ങളായിരുന്ന ദ്രൗപതിയുടെ മൂന്നു മക്കളില്‍ മൂത്തമകള്‍ സാവിത്രി ഇപ്പോള്‍ വിവാഹിതയായി. രണ്ടാമത്തെ മകന്‍ മഹേഷാണ് അമ്മയെ നാട്ടിലേക്കു കൂട്ടാന്‍ കേരളത്തിലെത്തിയത്. ദിലീപ്കുമാറാണ് ഇളയ മകന്‍. പരിചരിച്ചവരോടും കേരളത്തോടും നന്ദിപറഞ്ഞ് മകനൊപ്പം ദ്രൗപതി ജന്മനാട്ടിലേക്കു മടങ്ങും.