ന്യൂഡല്‍ഹി: സിറിയയിലേയും തുര്‍ക്കിയിലേയും ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പാഞ്ഞെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ആര്‍മി. ആധുനിക സാങ്കേതിക ഉപകരണങ്ങളുമായി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥര്‍ക്ക് ഇതിനോടകം തന്നെ ലോകത്തിന്റെ അഭിനന്ദനം ലഭിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ ഭൂകമ്പത്തില്‍ വ്യാപകനാശമുണ്ടായ തുര്‍ക്കിയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഇന്ത്യന്‍ ആര്‍മി ഉദ്യോഗസഅഥയെ കെട്ടിപ്പിടിച്ച് സ്‌നേഹ ചുംബനം നല്‍കിയിരിക്കുകയാണ് ഒരു തുര്‍ക്കി വനിത. ഈ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഇന്ത്യന്‍ ആര്‍മിയുടെ അഡിഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്റെ (എഡിജി പിഐ) ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘വി കെയര്‍’ എന്ന അടിക്കുറിപ്പാണ് ഈ ചിത്രത്തിന് നല്‍കിയിരിക്കുന്നത്.
ഭൂകമ്പം ബാധിച്ച തുര്‍ക്കിയെയും സിറിയയെയും സഹായിക്കാന്‍ ഇന്ത്യ ആരംഭിച്ച മിഷനാണ് ‘ഓപറേഷന്‍ ദോസ്ത്’. രണ്ട് രാജ്യങ്ങളിലേക്കും രക്ഷാപ്രവര്‍ത്തന സംഘങ്ങളെയും മെഡിക്കല്‍ ടീമുകളെയും ഇന്ത്യ അയച്ചിട്ടുണ്ട്.
ദുരിത മേഖലയില്‍ ആശുപത്രി നിര്‍മിക്കുന്നതിന്റെയും ഭൂകമ്പ ബാധിത മേഖലയിലെ താമസക്കാരെ ഇന്ത്യന്‍ സൈന്യം ചികിത്സിക്കുന്നതിന്റെയും ചിത്രങ്ങള്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നേരത്തേ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.
We Care.#IndianArmy#Türkiye pic.twitter.com/WoV3NhOYap
— ADG PI – INDIAN ARMY (@adgpi) February 9, 2023
രക്ഷാപ്രവര്‍ത്തനത്തിനുള്ള സാമഗ്രികളുമായി ആറ് വിമാനങ്ങളാണ് തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലേക്ക് ഇന്ത്യ അയച്ചിരിക്കുന്നത്. ദുരിതാശ്വാസ സാമഗ്രികള്‍, മരുന്ന്, സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകള്‍, മൊബൈല്‍ ഹോസ്പിറ്റല്‍ എന്നിവയെല്ലാം ഓപറേഷന്‍ ദോസ്തിന്റെ ഭാഗമാണ്.
തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലും തിങ്കളാഴ്ചയുണ്ടായ തുടര്‍ ഭൂകമ്പങ്ങളില്‍ മരണം 21,000 കടന്നു.