2022ല്‍ മാത്രം രാജ്യം വിട്ടത് രണ്ട് ലക്ഷത്തിലധികം പേര്‍; ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

2020 ല്‍ 85,256 പേര്‍ പൗരത്വം ഉപേക്ഷിച്ചതാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കെന്നു വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ പറഞ്ഞു

airport

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശത്തു തുടരുന്നവരുടെ എണ്ണം ഉയരുന്നു. 2011 നുശേഷം പതിനാറുലക്ഷം ഇന്ത്യക്കാര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായാണു കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞവര്‍ഷം മാത്രം 2,25,620 പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു.

2020 ല്‍ 85,256 പേര്‍ പൗരത്വം ഉപേക്ഷിച്ചതാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കെന്നു വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ പറഞ്ഞു. 2015 ല്‍ 1,31,489 പേര്‍ പൗരത്വം ഉപേക്ഷിച്ചു. 2016ല്‍ 1,41,603 പേര്‍, 2017ല്‍ 1,33,049 പേര്‍ എന്നിങ്ങനെയാണു പിന്നാലെയുള്ള വര്‍ഷങ്ങളിലെ നിരക്ക്.

മുകളില്‍ പറഞ്ഞിരിക്കുന്ന കണക്കുകളെല്ലാം ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ളതാണ്. മുന്‍കാലങ്ങളിലെ അതായത് മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്തെ കണക്കുകളും ജയശങ്കര്‍ നല്‍കി. 2011ല്‍ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം 1,22,819 ആണെന്നും 2012 ല്‍ ഇത് 1,20,923 ആയിരുന്നു. പിന്നീട് 2013 ല്‍ 1,31,405 ആയി ഉയര്‍ന്നു. 2014ല്‍ വീണ്ടും 1,29,328 ആയി കുറഞ്ഞു.

അതായത് 2011 മുതല്‍ ഇതുവരെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം 16,63,440 ആണ്. ഇന്ത്യയിലെ ജനങ്ങള്‍ പൗരത്വം സ്വീകരിച്ച 135 രാജ്യങ്ങളുടെ പട്ടികയും ജയശങ്കര്‍ നല്‍കി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അഞ്ച് ഇന്ത്യക്കാര്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ പൗരത്വം സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

Exit mobile version