110-ാം വയസ്സില്‍ മുത്തശ്ശിക്ക് പുതിയ മുടിയും പല്ലും കിളിര്‍ത്തത് കണ്ട് ഞെട്ടി ബന്ധുക്കള്‍. പശ്ചിമ ബംഗാളിലെ ബഡ്ജ് നിയോജക മണ്ഡലത്തിലാണ് സംഭവം. അമ്പരപ്പിലും അപൂര്‍വ്വസംഭവം ആഘോഷമാക്കുകയാണ് ഗ്രാമവാസികള്‍.
സഖിബാല മൊണ്ടല്‍ എന്ന മുത്തശ്ശിയാണ് 110-ാം വയസ്സിലെ തന്റെ ജന്മദിനത്തില്‍ പുതിയ മുടിയും പല്ലും കിളിര്‍ത്തത്. 80 വയസ്സുള്ള മകള്‍ക്കും കൊച്ചുമക്കള്‍ക്കും നിരവധി തലമുറകള്‍ക്കുമൊപ്പം അപൂര്‍വ്വതകള്‍നിറഞ്ഞ 110-ാം ജന്മദിനം ആഘോഷമാക്കുകയാണ് സഖിബാല മൊണ്ടല്‍.
ഏതൊരു സാധാരണ ജന്മദിന പാര്‍ട്ടിയും പോലെ, കേക്ക് മുറിച്ചുള്ള ആഘോഷമായിരുന്നു. എന്നിരുന്നാലും, 110-ാം വയസ്സിലെ പുതിയ പല്ലുകളും മുടിയുമാണ് മുത്തശ്ശിയെ വേറിട്ട് നിര്‍ത്തുന്നത്. ബഡ്ജ് നമ്പര്‍ 2 ബ്ലോക്ക് വൈസ് പ്രസിഡന്റ് ബുക്കന്‍ ബാനര്‍ജി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ആഘോഷത്തില്‍ പങ്കെടുത്തു.
ശ്യാമള്‍ സെന്‍ എന്ന ദന്തഡോക്ടറുടെ അഭിപ്രായത്തില്‍, ഇത്തരം സംഭവങ്ങള്‍ വളരെ അപൂര്‍വമാണ്, എന്നാല്‍ അസാധ്യമല്ല. ഒരു വര്‍ഷം മുന്‍പ് ഘട്ടല്‍ എന്ന സ്ഥലത്തെ 100 വയസ്സുള്ള ഒരു സ്ത്രീക്ക് പുതിയ പല്ലുകള്‍ ഉണ്ടായെന്ന് അദ്ദേഹം പറഞ്ഞു.
‘സസ്തനികള്‍ക്ക് പുതിയ മുടിയും പല്ലും എപ്പോള്‍ വേണമെങ്കിലും വരാം. എന്നാല്‍, ഈ പ്രായത്തില്‍, ഒരു വ്യക്തിക്ക് പുതിയ പല്ലുകള്‍ വളരാന്‍ ആവശ്യമായ പരമാവധി കാല്‍സ്യവും മറ്റ് ധാതുക്കളും നഷ്ടപ്പെടും. അതിനാല്‍ തന്നെ ഇത്തരമൊരു കാര്യം പലപ്പോഴും സംഭവിക്കാറില്ല. സഖിബാല മൊണ്ടലിന്റെ കാര്യം തീര്‍ത്തും വിചിത്രമാണ്.’
എന്ന് അദ്ദേഹം പറഞ്ഞു.