കണ്ണൂര്‍: പയ്യന്നൂരില്‍ കുട്ടികളുള്‍പ്പടെ നൂറിലധികം പേര്‍ ഭക്ഷ്യവിഷ ബാധയേറ്റ് ചികിത്സയില്‍. കഴിഞ്ഞ ദിവസം സമാപിച്ച കോറോത്തെ പെരുങ്കാളിയാട്ട നഗരിയില്‍ നിന്ന് ഐസ്‌ക്രീമുള്‍പ്പടെ ലഘുഭക്ഷണങ്ങള്‍ കഴിച്ച ആളുകളാണ് ചികിത്സ തേടിയത്. ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ട ആളുകളെ പയ്യന്നൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഐസ്‌ക്രീം ഉള്‍പ്പെടെ കഴിച്ചവര്‍ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഉത്സവ പറമ്പില്‍ നിന്ന് ഐസ്‌ക്രീം ഉള്‍പ്പടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ കഴിച്ച് ഛര്‍ദ്ദിയും മറ്റു ശാരീരിക അസ്വസ്ഥതകളും നേരിടുകയായിരുന്നു. ഭക്ഷ്യ വിഷബാധയേറ്റവരില്‍ കൂടുതലും കുട്ടികളാണ്. ആരുടേയും നില ഗുരുതമല്ലെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം കഴിഞ്ഞ ദിവസം കൊല്ലം കരുനാഗപ്പള്ളിയില്‍ വസ്ത്ര നിര്‍മ്മാണത്തിനുപയോഗിക്കുന്ന നിറങ്ങള്‍ കലര്‍ത്തി പഞ്ഞി മിഠായി ഉണ്ടാക്കിയ സംഭവത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപകമായ അന്വേഷണം നടത്തിയിരുന്നു. പരിശോധനയില്‍ മിഠായി നിര്‍മ്മാണ കേന്ദ്രത്തിന് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തുകയും ചെയ്തു. അനധികൃത ഭക്ഷ്യ ഉല്‍പാദനത്തിനും നിരോധിത നിറം ഉപയോഗിച്ചതിന് ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം 63, 59 വകുപ്പുകള്‍ ചുമത്തി വില്‍പ്പനക്കാരനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.