ന്യൂഡല്‍ഹി: സൈനിക ഉദ്യോഗസ്ഥയായ മകളോടൊപ്പം നില്‍ക്കുന്ന പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍.’കണ്ടില്ലേ നിര്‍മല സീതാരാമനും മകളും നില്‍ക്കുന്നത് … ഇതാണ് രാജ്യസേവനം, ഇവരെയോര്‍ത്ത് അഭിമാനിക്കുന്നു..’ രാജ്യസ്നേഹം തുളുമ്പുന്ന അടിക്കുറിപ്പുകളോടെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച ചിത്രമായിരുന്നു ഇത്. നിര്‍മല സീതാരാമന്റെയും മകളുടെയും ചിത്രമെന്ന തരത്തിലായിരുന്നു പ്രചാരണം.
സംഭവം കൈവിട്ട് പോകുമെന്ന് മനസിലാക്കിയ പ്രതിരോധ മന്ത്രാലയം ഇപ്പോള്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇത് നിര്‍മലാ സീതാരാമന്റെ മകളല്ല. പ്രതിരോധ മന്ത്രി ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയപ്പോള്‍ അവര്‍ക്ക് സഹായത്തിനായി നിയോഗിച്ച ഒരു വനിതാ ഉദ്യോഗസ്ഥയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും പ്രതിരോധ മന്ത്രാലയ വക്താവ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുകയാണ്.
മലയാളികളടക്കം നിരവധി പേരാണ് അത് നിര്‍മലാ സീതാരമന്റെ മകളാണെന്ന് തെറ്റിദ്ധരിച്ച് ചിത്രം പ്രചരിപ്പിച്ചത്. നികിത വീരയ്യ എന്ന വനിതാ സൈനിക ഉദ്യോഗസ്ഥയാണ് നിര്‍മലാ സീതാരാമനൊപ്പം ഉണ്ടായിരുന്നത്.
"CLARIFICATION". This is the photograph clicked at the request of the Army officer appointed as the LO to the RM during an official visit. She is NOT the daughter of the RM as suggested in some social media platforms pic.twitter.com/mkBQt2dLCK
— Defence Spokesperson (@SpokespersonMoD) 2 January 2019