നീണ്ട നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്ററിൽ പ്രദർശനത്തിനെത്തിയ ഷാരൂഖ് ചിത്രമാണ് പഠാൻ. വിവാദങ്ങളിലേയ്ക്ക് കൂപ്പുകുത്തിയെങ്കിലും പ്രേക്ഷക പ്രതികരണം നേടി തകർത്ത് ഓടുകയാണ് പഠാൻ. ആദ്യഗാനം റിലീസ് ചെയ്തതിന് പിന്നാലെയാണ് വിവാദങ്ങളിലേയ്ക്ക് പഠാൻ എത്തിയത്. ബഹിഷ്‌കരണാഹ്വാനം നടത്തിയെങ്കിലും ബോക്‌സ് ഓഫീസിൽ വൻ കുതിപ്പാണ് കണ്ട് വരുന്നത്.
ഈ വേളയിൽ പ്രതികരണം അറിയിക്കുകയാണ് നടൻ പ്രകാശ് രാജ്. പഠാൻ ചിത്രത്തെ വിമർശിക്കുന്നവർ കുരയ്ക്കുകയെ ഉള്ളൂവെന്നും കടിക്കില്ലെന്നും പ്രകാശ് രാജ് തുറന്നടിച്ചു. ‘ക’ ഫെസ്റ്റിൽ പങ്കെടുത്തപ്പോഴായിരുന്നു നടന്റെ പ്രതികരണം.
”അവർക്ക് പഠാൻ ബിഹിഷ്‌കരിക്കണമായിരുന്നു. 700 കോടി കളക്ഷൻ നേടിയ ചിത്രമാണ് പഠാൻ. പഠാൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടവർക്ക് 30 കോടിയ്ക്ക് പോലും മോഡിയുടെ ചിത്രം പ്രദർശിപ്പിക്കാനായില്ല. അവർ കുരയ്ക്കുക മാത്രമേയുള്ളൂ, കടിക്കില്ല”, എന്ന് താരം പറയുന്നു. താൻ കണ്ടതിൽ വച്ച് ഏറ്റവും മോശമായ ചിത്രമാണ് കശ്മീർ ഫയൽസ് എന്നും പ്രകാശ് രാജ് പറഞ്ഞു.
പഠാൻ റിലീസ് ആയതിന് പിന്നാലെയും പ്രകാശ് രാജ് തന്റെ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ബഹിഷ്‌കരണ ഭ്രാന്തന്മാരേ ശ്…എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. ചിത്രത്തിന്റെ വിജയത്തിന് ആശംസകളെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. 2022 ഡിസംബറിൽ ആണ് പഠാനിലെ ബേഷാറം രംഗ് എന്ന ഗാനം റിലീസ് ചെയ്തത്. ഇതിനോടകം 800 കോടിയിലേറെ കളക്ഷൻ ചിത്രം നേടി കഴിഞ്ഞു.
ഗാനരംഗത്ത് ദീപിക പദുക്കോൺ കാവി ബിക്കിനി ധരിച്ചിരുന്നു. ഇത് മതവികാരത്തെ വ്രണപ്പെടുത്തുന്നു ആരോപിച്ച് ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. പിന്നാലെ സംഘപരിവാർ വ്യാപകമായി പ്രതിഷേധം അറിയിച്ച് കോലം കത്തിച്ചും ബഹിഷ്‌കരണാഹ്വാനവും മറ്റും നടത്തുകയായിരുന്നു.