ഗുവാഹാട്ടി: ബാലവിവാഹങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ നടപടികൾ തുടരുന്ന സാഹചര്യത്തിൽ വിവാഹം മുടങ്ങിയതിൽ മനംനൊന്ത് 17കാരി ജീവനൊടുക്കി. അസമിലെ കച്ചാർ ജില്ലയിലെ ഖസ്പുർ സ്വദേശിയായ പെൺകുട്ടിയാണ് ജീവനൊടുക്കിയത്. പ്രണയത്തിലായിരുന്ന യുവാവുമായി പെൺകുട്ടിയുടെ വിവാഹം നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാൽ കഴിഞ്ഞദിവസങ്ങളിൽ ബാലവിവാഹങ്ങളിൽ പോലീസും സംസ്ഥാന സർക്കാരും നടപടികൾ കർശനമാക്കിയതോടെ പെൺകുട്ടിയുടെ വീട്ടുകാർ വിവാഹം വേണ്ടെന്ന് തീരുമാനിച്ചു. ഇതിൽ മനംനൊന്താണ് പെൺകുട്ടി ജീവനൊടുക്കിയത്.
ഇതിന് പുറമെ, ആസാമിലെ ഗോലക്ഗഞ്ചിൽ പോലീസ് സ്റ്റേഷനിലെത്തി 23-കാരി ആത്മഹത്യ ഭീഷണി മുഴക്കിയ സംഭവവുമുണ്ടായി. ബാലവിവാഹത്തിന്റെ പേരിൽ തന്റെ ഭർത്താവിനെയും പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തെന്നും ഇവരെ വിട്ടയച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്നുമായിരുന്നു 23കാരി ആത്മഹത്യാഭീഷണി മുടക്കിയത്. മുഖ്യമന്ത്രി ഹിമന്ത് ബിശ്വശർമയ്ക്കെതിരേ രൂക്ഷമായ ഭാഷയിലാണ് യുവതി വിമർശനമുന്നയിച്ചത്.
‘എന്തുകൊണ്ടാണ് മുഖ്യമന്ത്രി എന്റെ ഭർത്താവിനെ പിടികൂടിയിരിക്കുന്നത്. ആരാണ് മുഖ്യമന്ത്രിക്ക് ഇതിന് അധികാരം നൽകിയത്. എന്റെ ഭർത്താവിനെയും പിതാവിനെയും ഇന്ന് വിട്ടയച്ചില്ലെങ്കിൽ ഞാൻ കോടതി വളപ്പിലെത്തി ആത്മഹത്യ ചെയ്യും. എനിക്ക് എന്റെ ഭർത്താവിനെയും പിതാവിനെയും തിരികെവേണം. ഞാൻ 1999-ൽ ജനിച്ചയാളാണ്. 2018-ൽ എനിക്ക് 19 വയസ്സുള്ളപ്പോളാണ് വിവാഹം നടന്നത്. അന്ന് തനിക്ക് പ്രായപൂർത്തിയായതാണ്’, യുവതി പറയുന്നു.
ബാലവിവാഹങ്ങളിലെ കൂട്ട അറസ്റ്റിനെതിരേ കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലെ പോലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ വൻ പ്രതിഷേധങ്ങളാണ് അരങ്ങേറികൊണ്ടിരിക്കുന്നത്. അറസ്റ്റിലായവരുടെ ഭാര്യമാരും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് പേരാണ് കൂട്ടത്തോടെയെത്തി സ്റ്റേഷനുകൾക്ക് മുന്നിൽ പ്രതിഷേധിച്ചത്. സ്ഥിതി നിയന്ത്രിക്കാൻ പോലീസിന് ലാത്തി വീശേണ്ടതായും വന്നു.
Discussion about this post