ന്യൂഡല്‍ഹി: മേഘാലയയിലെ അനധികൃത ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഖനിയിലേ വെള്ളം പമ്പു ചെയ്ത് കളയുന്നതിന് ശേഷിയുള്ള പമ്പുകള്‍ ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും, ഖനി അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ബഞ്ച് നാളെ വാദം കേള്‍ക്കും.
ഈസ്റ്റ് ജയന്തിയ കുന്നിലെ ‘എലിമടകള്‍’ എന്ന് അറിയപ്പെടുന്ന അനധികൃത ഖനിയിലാണ് ഖനി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. 15 തൊഴിലാളികള്‍ കുടുങ്ങിയിട്ട് 20 ദിവസം പിന്നിട്ടു. തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമം തുടരുന്നുണ്ടെങ്കിലും ഖനിക്കുള്ളില്‍ വെള്ളം നിറഞ്ഞ് കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ഫലവത്താകുന്നില്ല. മുങ്ങല്‍ വിദഗ്ധര്‍ക്ക് കടന്നുചെല്ലാന്‍ പാകത്തില്‍ ഖനിക്കുള്ളിലെ വെള്ളം വറ്റിക്കാനാണ് രക്ഷാപ്രവര്‍ത്തകരുടെ ശ്രമം. തൊഴിലാളികള്‍ ജീവനോടെയുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.
Discussion about this post