കാല്‍നടയായി മക്കയിലേക്ക്: ട്രാന്‍സിറ്റ് വിസ ലഭിച്ചു, നാളെ മുതല്‍ യാത്ര പുനരാരംഭിക്കും, ഷിഹാബ് ചോറ്റൂര്‍

ന്യൂഡല്‍ഹി: കാല്‍നടയായി മക്കയിലേക്ക് ഹജ്ജ് യാത്ര പുറപ്പെട്ട മലയാളി തീര്‍ത്ഥാടകന്‍ ഷിഹാബ് ചോറ്റൂര്‍ നാളെ യാത്ര പുനരാരംഭിക്കും. പാകിസ്താന്‍ വിസ വൈകിയതിനാലാണ് യാത്ര പ്രതിസന്ധിയിലായിരുന്നത്.

ഇന്ന് പാകിസ്താന്‍ വിസ ലഭിച്ചതോടെ യാത്ര തുടരാനുള്ള അവസരം ഒരുങ്ങിയത്. കഴിഞ്ഞ നാല് മാസമായി ശിഹാബ് അമൃത്സറിലെ ആഫിയ കിഡ്സ് സ്‌കൂളിലാണ് താമസിച്ചിരുന്നത്. തന്നെ കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്ന ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ല. ഇത് ആരെങ്കിലും അനുകരിക്കേണ്ട മാതൃകയാണെന്ന അഭിപ്രായമില്ല.

കാല്‍നടയായി ഹജ്ജ് ചെയ്യുക എന്നത് തന്റെ ഒരു സ്വപ്നമാണ്. അതിന് എല്ലാവരുടെയും പ്രാര്‍ത്ഥന വേണം. ഇന്ത്യയിലും പാകിസ്താനിലും തന്റെ കൂടെ വരാന്‍ ആരോടും പറഞ്ഞിട്ടില്ലെന്നനും ഷിഹാബ് വ്യക്തമാക്കി. പാകിസ്താന്‍ തനിക്ക് വിസ നിഷേധിച്ചിട്ടില്ലെന്നും കാറ്റഗറിയില്‍ വന്ന പ്രശ്നം മൂലമാണ് തടസ്സം നേരിട്ടതെന്നും നേരത്തെ ഷിഹാബ് വ്യക്തമാക്കിയിരുന്നു.

ട്രാന്‍സിറ്റ് വിസയാണ് തനിക്ക് ആവശ്യമുള്ളത്. പാകിസ്താന്‍ സന്ദര്‍ശിക്കാനാണെങ്കില്‍ ടൂറിസ്റ്റ് വിസ മതിയാകുമായിരുന്നു. ഇത് മണിക്കൂറുകള്‍ക്കുള്ളില്‍ ലഭിക്കും. എന്നാല്‍ പാകിസ്താനിലൂടെ ഇറാനിലേക്ക് പോകാന്‍ ട്രാന്‍സിറ്റ് വിസയാണ് വേണ്ടത്. അതുകൊണ്ടാണ് വിസ ലഭിക്കാന്‍ വൈകുന്നതെന്നും ഷിഹാബ് പറഞ്ഞിരുന്നു.

Exit mobile version