ന്യൂഡല്‍ഹി: പുതുവത്സര രാത്രിയില്‍ ഡല്‍ഹിയിലെ റോഡിലൂടെ കാറില്‍ വലിച്ചിഴച്ച സ്‌കൂട്ടര്‍ യാത്രക്കാരി കൊല്ലപ്പെട്ട കേസില്‍ വഴിത്തിരിവായി ഫൊറന്‍സിക് ഫലം. ഡല്‍ഹിയിലെ അഞ്ജലിയുടെ മരണത്തില്‍ ആന്തരികാവയവങ്ങളുടെ പരിശോധന ഫലം പുറത്തുവന്നു.
അപകടം നടന്ന സമയത്ത് അഞ്ജലി മദ്യലഹരിയിലായിരുന്നു എന്നാണ് രോഹിണിയിലെ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍നിന്ന് ലഭിച്ച പരിശോധനാ ഫലത്തില്‍ പറയുന്നത്.
ആന്തരികാവയവങ്ങളുടെ പരിശോധന ഫലം ജനുവരി 24-ന് പോലീസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. കേസില്‍ ഏറെ നിര്‍ണായകമാണ് ഈ കണ്ടെത്തല്‍. നേരത്തെ അഞ്ജലിയുടെ സുഹൃത്ത് നിധി അഞ്ജലി മദ്യപിച്ചിരുന്നതായി ആരോപിച്ചിരുന്നു. സംഭവസമയത്ത് അഞ്ജലിക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചയാളാണ് നിധി. എന്നാല്‍ നിധിയുടെ ആരോപണങ്ങള്‍ അഞ്ജലിയുടെ കുടുംബം തള്ളിയിരുന്നു.
ജനുവരി ഒന്നാം തീയതി പുലര്‍ച്ചെ ഡല്‍ഹി സുല്‍ത്താന്‍പുരിയില്‍ വെച്ചാണ് അഞ്ജലിയും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാറിടിച്ചത്. കാറിനടിയില്‍ കുരുങ്ങിയ അഞ്ജലിയുമായി കിലോമീറ്ററുകളോളം കാര്‍ സഞ്ചരിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു. ഇത് രാജ്യത്തെ തന്നെ നടുക്കിയിരുന്നു.
യുവതി കാറിനടിയില്‍ കുരുങ്ങിയെന്ന് സംശയമുണ്ടായിട്ടും കാറിലുണ്ടായിരുന്ന യുവാക്കള്‍ ഒന്നരമണിക്കൂറുകളോളം യാത്ര തുടര്‍ന്നതാണ് മനസാക്ഷിയെ ഞെട്ടിച്ചത്. വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞ് ശരീരമാസകലം പരിക്കേറ്റനിലയിലായിരുന്നു അഞ്ജലിയുടെ മൃതദേഹം.
Discussion about this post