ചെന്നൈ: തമിഴ്നാട്ടില്‍ തൈപ്പൂയം ഉത്സവത്തിനോടനുബന്ധിച്ച് നടത്തിയ സൗജന്യ സാരി, മുണ്ട് വിതരണത്തിനിടെ നാല് വയോധികര്‍ മരിച്ച സംഭവത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് അനുശോചനം അറിയിച്ചു. ഒപ്പം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു.
മരിച്ച നാല് വയോധികരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതം നല്കാന് ഉത്തരവിട്ടു. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്ന് സ്ത്രീകള്‍ക്ക് 50,000 രൂപ വീതം ധനസഹായം നല്‍കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
തൈപ്പൂയം ഉത്സവത്തിനോട് അനുബന്ധിച്ച് അയ്യപ്പന് എന്ന വ്യവസായിയാണ് നാട്ടുകാര്‍ക്ക് സൗജന്യ സാരിയും മുണ്ടും വിതരണം ചെയ്തത്. പരിപാടിക്ക് അനുമതി നല്‍കിയിരുന്നില്ലെന്ന് തിരുപ്പാട്ടൂര്‍ എസ്പി പറഞ്ഞു. സംഭവത്തില്‍ വ്യവസായി അയ്യപ്പനെ പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ ദാരുണമായ സംഭവത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അയ്യപ്പന് അനുശോചനം അറിയിച്ചു.
തിരുപ്പത്തൂര്‍ ജില്ലയിലെ വാണിയമ്പാടി പച്ചക്കറി മാര്‍ക്കറ്റിന് സമീപം പ്രാദേശിക ക്ഷേത്രത്തിലെ വാര്‍ഷിക തൈപ്പൂയ ഉത്സവത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ആളുകള്‍ തിങ്ങിനിറഞ്ഞ സാഹചര്യത്തില്‍ ശ്വാസം മുട്ടിയാണ് വയോധികര്‍ മരിച്ചത്. 11 പേര്‍ക്ക് പരുക്കേറ്റിരുന്നു. വള്ളിയമ്മാള്‍ (60), രാജാതി (62), നാഗമ്മാള്‍ (60), മല്ലിക (70) എന്നിവരാണ് മരിച്ചത്.
Discussion about this post