ലഖ്നൗ: കള്ളന്മാരുടെ മോഷണശ്രമം പാളിപ്പോയ പല സംഭവങ്ങളും വാര്‍ത്തകളാവാറുണ്ട്. അത്തരം ഒരു വാര്‍ത്തയാണ് സോഷ്യലിടത്ത് നിറയുന്നത്. മോഷണം പാളിപ്പോയതിന്റെ പേരില്‍ കട ഉടമയ്ക്ക് മാപ്പപേക്ഷ എഴുതിവെച്ച് കടന്നുകളഞ്ഞ ‘മര്യാദക്കാരായ’ കളളന്മാരാണ് താരമാകുന്നത്.
ഉത്തര്‍പ്രദേശിലെ മീററ്റിലാണ് ഈ സംഭവം. ജ്വല്ലറിയുടെ സമീപത്തുകൂടി ഒഴുകുന്ന ഒരു അഴുക്കു ചാലില്‍ നിന്ന് തുരങ്കം നിര്‍മ്മിച്ചാണ് ഇവര്‍ ജ്വല്ലറിയിലേക്ക് കടന്നത്. ഇതിനായി 15 അടി നീളത്തില്‍ തുരങ്കം നിര്‍മ്മിക്കുകയായിരുന്നു. എന്നാല്‍ സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും സൂക്ഷിച്ചിരിക്കുന്ന റൂമിന്റെ മുന്‍പില്‍ എത്തിയതോടെയാണ് അവരുടെ പദ്ധതികളെല്ലാം പൊളിഞ്ഞത്. എത്ര പരിശ്രമിച്ചിട്ടും അവര്‍ക്ക് ആ വാതില്‍ തുറക്കാന്‍ സാധിച്ചില്ല.
വാതില്‍ തുറക്കാന്‍ കഴിയാത്തതോടെ ഇനി അവിടെ നിന്നിട്ട് കാര്യമില്ലെന്ന് മനസിലായ കളളന്മാര്‍ മോഷണ ശ്രമം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പോകുന്നതിന് മുമ്പ് ജ്വല്ലറി ഉടമയ്ക്ക് ക്ഷമാപണക്കത്ത് എഴുതിവയ്ക്കാന്‍ അവര്‍ മറന്നില്ല. ഇരുവരുടെയും പേരുകള്‍ സഹിതമാണ് അവര്‍ ക്ഷമാപണം എഴുതി വെച്ചത്. ചിന്നു, മുന്നു എന്നാണ് കത്തില്‍ കള്ളന്മാര്‍ പേരുകള്‍ വച്ചിരുന്നത്.
അടുത്ത ദിവസം രാവിലെ ജ്വല്ലറി തുറക്കാനായി എത്തിയ കട ഉടമയാണ് മോഷണശ്രമം നടന്ന വിവരം പോലീസിനെ അറിയിച്ചത്. കടയില്‍ നിന്ന് കിട്ടിയ കള്ളന്മാരുടെ കത്തും അദ്ദേഹം പോലീസിന് കൈമാറി. സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയുടെ വാതിലിന് അഭിമുഖമായി തൂക്കിയിരുന്ന ശ്രീകൃഷ്ണന്റെ രൂപം കള്ളന്മാര്‍ പുറം തിരിച്ചു വച്ചിരുന്നതായും കടയുടമ പോലീസിനോട് പറഞ്ഞു.
ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് സ്ട്രോങ്ങ് റൂമിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ജ്വല്ലറിയിലെ സിസിടിവി ഫൂട്ടേജിന്റെ ഹാര്‍ഡ് ഡിസ്‌കും കള്ളന്മാര്‍ എടുത്തുകൊണ്ടു പോയിരുന്നു. തുരങ്കം നിര്‍മ്മിക്കാന്‍ തുടങ്ങിയ ഭാഗത്തെ സിസിടിവി ക്യാമറകളില്‍ മോഷ്ടാക്കളുടെ മുഖം പതിഞ്ഞിട്ടുണ്ടോ എന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.