ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണം തുടരുകയാണ്. ആദിവാസി മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുമെന്ന് ധനമന്ത്രി പറഞ്ഞു. ഇത് ലക്ഷ്യമിട്ടുള്ള ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പദ്ധതി പ്രകാരം അടുത്ത മൂന്ന് വര്‍ഷത്തിനകം 38,800 അധ്യാപകരെ കേന്ദ്രസര്‍ക്കാര്‍ നിയമിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.
കൂടാതെ സ്‌കൂള്‍ പ്രവര്‍ത്തനത്തിനായി 740 ജീവനക്കാരെ കൂടി നിയമിക്കുമെന്നും ഇതുവഴി 3.5 ലക്ഷം ആദിവാസി കുട്ടികള്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്നും ധനമന്ത്രി അറിയിച്ചു. സംസ്ഥാനങ്ങളെ വാര്‍ഡ് തലത്തില്‍ ലൈബ്രറികള്‍ ആരംഭിക്കുന്നതിന് സഹായിക്കും.
ഡിജിറ്റല്‍ ലൈബ്രറി സംവിധാനം പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കും. രാജ്യത്ത് 157 പുതിയ നഴ്‌സിങ് കോളജുകള് ആരംഭിക്കും. ഇത് നഴ്‌സിങ് രംഗത്ത് കൂടുതല്‍ മുന്നേറ്റത്തിന് സഹായകമാകും. 2014ന് ശേഷം സ്ഥാപിച്ച മെഡിക്കല് കോളജുകളോട് ചേര്ന്നാണ് നഴ്‌സിങ് കോളജുകള്‍ ആരംഭിക്കുക.
കുട്ടികളുടെ അറിവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിന് നാഷണല്‍ ഡിജിറ്റല്‍ ലൈബറി ഫോര്‍ കിഡ്‌സിന് രൂപം നല്കുമെന്നും ധനമന്ത്രി പറഞ്ഞു.