കേന്ദ്ര ബജറ്റ് 11 മണിക്ക്; അനുമതി കാത്ത് നിരവധി പദ്ധതികള്‍, പ്രതീക്ഷയോടെ കേരളം

എയിംസ് ഇത്തവണയെങ്കിലും അനുവദിക്കുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. സില്‍വര്‍ ലൈന്‍ ഉള്‍പ്പെടെ റെയില്‍വേയില്‍ കേന്ദ്രാനുമതി കാത്ത് നില്‍ക്കുന്ന പദ്ധതികളും നിരവധിയാണ്.

budget

തിരുവനന്തപുരം: രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന് 11 മണിക്ക് ധനമന്ത്രി നിര്‍മല സീതാരാമന്‍ ആരംഭിക്കുമ്പോള്‍ കേരളം പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കേന്ദ്രത്തിന്റെ അനുമതിക്കായി നിരവധി പദ്ധതികളാണ് കേരളത്തില്‍ കാത്തിരിക്കുന്നത്.

എയിംസ് ഇത്തവണയെങ്കിലും അനുവദിക്കുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. സില്‍വര്‍ ലൈന്‍ ഉള്‍പ്പെടെ റെയില്‍വേയില്‍ കേന്ദ്രാനുമതി കാത്ത് നില്‍ക്കുന്ന പദ്ധതികളും നിരവധിയാണ്. എല്ലാ കേന്ദ്രബജറ്റിലും കണ്ണുംനട്ട് കാത്തിരുന്ന കേരളം ഇക്കുറിയെങ്കിലും ധനമന്ത്രി നിര്‍മല സീതാരാമന്‍ ‘മമത’ കാണിക്കുമെന്ന പ്രതീക്ഷയിലാണ്.

റെയില്‍വേ വികസനത്തില്‍ കേരളത്തിന് പ്രതീക്ഷ വാനോളമാണ്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാവി നിര്‍മലാ സീതാരാമന്റെ പെട്ടിയിലാണ്. വന്ദേഭാരത് ഇല്ലാത്ത ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണ് കേരളം. 160 കിലോമീറ്റര്‍ വരെ വേഗത്തില്‍ പായുന്ന വന്ദേഭാരത് ഓടിക്കാന്‍ റെയില്‍ ബൈപ്പാസ് പദ്ധതിയും ബജറ്റിലുണ്ടാകുമെന്ന് കേരളം കരുതുന്നു. കേന്ദ്രം മരവിപ്പിച്ച അങ്കമാലി-എരുമേലി ശബരി പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിനുള്ള അനുമതിയും കേന്ദ്രത്തിന്റെ പരിഗണനയിലാണ്.

സംസ്ഥാനത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്ന കേന്ദ്രനയങ്ങളിലെ മാറ്റത്തിനാണ് കേരളം കാത്തിരിക്കുന്നത്. കടമെടുപ്പ് പരിധി 2017-ന് മുമ്പുള്ളത് പോലെ പുനസ്ഥാപിക്കല്‍, ജിഎസ്ടി നഷ്ടപരിഹാരം നീട്ടല്‍, വെട്ടിക്കുറച്ച കേന്ദ്രവിഹിതം പുനസ്ഥാപിക്കല്‍ എന്നിവ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മുന്നിലുള്ള ഏക പരിഹാര മാര്‍ഗങ്ങളാണ്. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വായ്പയെടുക്കുന്നത് സര്‍ക്കാരിന്റെ പൊതുകടത്തില്‍ ഉള്‍പ്പെടുത്തരുതെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version