നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മരത്തിലിടിച്ച് 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; അപകടത്തില്‍പ്പെട്ട അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

കാര്‍ ഓടിച്ചിരുന്ന നിനാദ് റൗളിന് നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് അപകടമുണ്ടായത്. വാഹനം ആദ്യം മരത്തിലിടിച്ച് മറിഞ്ഞ് കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മുംബൈ: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മരത്തിലിടിച്ച് 200 അടി താഴ്ചയിലേക്ക് മറിഞ്ഞ സംഭവത്തില്‍ കാറിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് മുംബൈയില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെയുള്ള മാംഗോവിലാണ് കാര്‍ അപകടത്തില്‍പ്പെട്ടത്.

കാറില്‍ സഞ്ചരിച്ച അന്ധേരി സ്വദേശികളായ കുടുംബത്തിലെ അഞ്ച് പേരില്‍ ആര്‍ക്കും ഗുരുതരമായ പരിക്കുകളില്ല. വിഹുലെ ഗ്രാമത്തിലാണ് അപകടമുണ്ടായത്. കാര്‍ ഓടിച്ചിരുന്ന നിനാദ് റൗളിന് നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് അപകടമുണ്ടായത്. വാഹനം ആദ്യം മരത്തിലിടിച്ച് മറിഞ്ഞ് കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

റൗളിന്റെ ഭാര്യയും മകനും മാതാപിതാക്കളുമാണ് കാറിലുണ്ടായിരുന്നത്. ശ്രീവര്‍ദ്ധനിലേക്കുള്ള യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു കുടുംബം. കാര്‍ ഹൈവേയില്‍ നിന്ന് നിയന്ത്രണം തെറ്റി കൊക്കയിലേക്ക് മറിയുന്നത് കണ്ട ഗ്രാമീണനാണ് പോലീസിനെ വിവരമറിയിച്ചത്.

നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. അരമണിക്കൂറിനുള്ളില്‍ എല്ലാവരെയും കാറിന് പുറത്തെത്തിച്ചു. ഞായറാഴ്ചയാണ് കാര്‍ പുറത്തെടുത്തത്. കാര്‍ യാത്രക്കാരായ അഞ്ച് പേരുടെയും മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.

Exit mobile version