റാഞ്ചി: തിരക്കുപിടിച്ച കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഗ്രാമത്തിലെത്തി കൃഷിചെയ്ത് ജീവിക്കുന്ന മാതൃകാ ദമ്പതികളെ പരിചയപ്പെടാം. ബാങ്ക് മാനേജറായിരുന്ന വിനോദ് കുമാറും കോര്‍പ്പറേറ്റ് കമ്പനി ഉദ്യോഗസ്ഥയായ അദ്ദേഹത്തിന്റെ ഭാര്യ രാധികയുമാണ് തങ്ങള്‍ക്കുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് ജീവിതം കൃഷിടയോടൊപ്പം നയിക്കുന്നത്.
കൊവിഡ് മഹാമാരി പിടിമുറുക്കിയ 2020 കാലത്ത് തങ്ങളുടെ തിരക്കുപിടിച്ച ജോലിയില്‍ വ്യാപൃതരായിരുന്ന വിനോദ് കുമാറും രാധികയും വളരെയധികം ആലോചിച്ചതിന് ശേഷമാണ് ഗ്രാമത്തിലേക്ക് ചേക്കേറാന്‍ തീരുമാനിച്ചത്. ഗ്രാമത്തിലെത്തി എന്തെങ്കിലും ജോലി ചെയ്യുകയാണെങ്കില്‍ അവയില്‍ നിന്ന് കുറഞ്ഞ വരുമാനം മാത്രമെ ലഭിക്കുകയുള്ളു എന്ന് വിനോദിനും രാധികയ്ക്കും നന്നായി അറിയാമായിരുന്നു.
എന്നാലും സ്വന്തം ഗ്രാമത്തില്‍ ജീവിക്കുകയും സമാധാനപൂര്‍ണ്ണമായ ജീവിതമുണ്ടാകുമെന്നും പ്രതീക്ഷിച്ചാണ് ഇവര്‍ ഗ്രാമത്തിലെത്തി കൃഷി ചെയ്യാന്‍ തീരുമാനിക്കുന്നത്. ഹസാരിബാഗ് ജില്ലയിലെ ഹര്‍ഷദ് ആണ് വിനോദിന്റെ ജന്മസ്ഥലം. അവിടുത്തെ തന്റെ കൃഷിയിടത്തില്‍ പുതിയ സാങ്കേതിക വിദ്യകളുപയോഗിച്ച് കൃഷി ചെയ്യാനായിരുന്നു വിനോദിന്റെ പ്ലാന്‍.
കൃഷി ചെയ്യാന്‍ ആവശ്യത്തിന് സ്ഥലമില്ലാതിരുന്ന വിനോദ് 18 ഏക്കറോളം കൃഷിസ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യാന്‍ ആരംഭിച്ചത്. റാബോധ് ജില്ലയിലെ ദാര്‍വ, കുസുമിഥ്, എന്നിവിടങ്ങളിലെ കൃഷിസ്ഥലമാണ് പാട്ടത്തിനെടുത്തത്. വരണ്ട പ്രദേശമായിരുന്നു ഇവിടെ, ചില കാര്‍ഷിക വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരമാണ് തണ്ണിമത്തന്‍ കൃഷി ചെയ്യാന്‍ ഈ ദമ്പതികള്‍ തീരുമാനിച്ചത്. ജലസേചനത്തിനായി ഡ്രിപ് മെത്തേഡ് ആണ് വിനോദ് സ്വീകരിച്ചത്. 2021 ല്‍ ഈ രീതിയിലൂടെ വിനോദും രാധികയും വിളയിച്ചെടുത്തത് 150 ടണ്‍ തണ്ണിമത്തനാണ്. 2022 ആയപ്പോഴെക്കും 210 ടണ്‍ തണ്ണിമത്തനാണ് ഇവിടെ നിന്നും ഉല്‍പ്പാദിപ്പിച്ചത്. ഏകദേശം 10 ലക്ഷം രൂപയാണ് ഈ കൃഷിയില്‍ നിന്നുള്ള ലാഭം.
ഇതോടൊപ്പം ഓരോ സീസണ്‍ അനുസരിച്ച് പാവയ്ക്ക, വെള്ളരിക്ക, മുളക്, തക്കാളി എന്നിവയും കൃഷി ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഏകദേശം 150 ക്വിന്റല്‍ വെള്ളിരി, 100 ക്വിന്റല്‍ പാവയ്ക്ക, എന്നിവയാണ് തന്റെ കൃഷിയിടത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ചതെന്ന് വിനോദ് പറയുന്നു. ഏകദേശം രണ്ടര വര്‍ഷത്തോളമായി ഇവര്‍ കൃഷിയില്‍ തുടരുന്നു. ഇന്ന് ഇവര്‍ ടണ്‍ കണക്കിന് പച്ചക്കറികളാണ് വിപണിയിലെത്തിക്കുന്നത്. രാജ്യത്തിന് പുറത്തേക്കും കയറ്റി അയയ്ക്കുന്നുണ്ട്. ബംഗ്ലാദേശിലേക്കും മറ്റും പച്ചക്കറികള്‍ ഇവര്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
വിപണിയുമായി കര്‍ഷകരെ ബന്ധിപ്പിക്കാനായി ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയും വിനോദ് കുമാര്‍ സ്ഥാപിച്ചു. ഈ സ്ഥാപനത്തിന്റെ സിഇഒ കൂടിയാണ് വിനോദ് ഇന്ന്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ ഈ സംഘടനയ്ക്ക് കഴിയുന്നുണ്ട്. ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് ധാരാളം പേര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനായി എത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇവരുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തരായതിനെത്തുടര്‍ന്ന് നബാര്‍ഡും ഐഎഫ്എഫ്സിഒ കിസാനും ഓട്ടോമേറ്റഡ് ജലസേചന പദ്ധതിയുടെ നിര്‍വ്വഹണ ചുമതല ഈ ദമ്പതികളെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇതോടെ മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ തങ്ങളുടെ കൃഷിയിടത്തില്‍ ജലസേചന സൗകര്യം ഉറപ്പാക്കുന്ന ഏക ദമ്പതികളായി മാറുകയാണ് രാധികയും വിനോദ് കുമാറും.