എട്ട് പതിറ്റാണ്ടിലെ ചരിത്രം തിരുത്തി: വിലക്ക് മറികടന്ന് തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ പ്രവേശിച്ച് 200 ദളിതര്‍

തിരുവണ്ണാമലൈ: എട്ടു പതിറ്റാണ്ടോളം പ്രവേശനമില്ലാതിരുന്ന ക്ഷേത്രത്തില്‍ പ്രവേശിച്ച് ചരിത്രം തിരുത്തി തമിഴ്‌നാട്ടിലെ ദലിതര്‍. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ തെന്‍മുടിയന്നൂര്‍ ക്ഷേത്രത്തിലായിരുന്നു ചരിത്ര മുഹൂര്‍ത്തം. ഇരുന്നൂറോളം ദലിതരാണ് ക്ഷേത്രത്തില്‍ പ്രവേശിച്ച് ചരിത്രം കുറിച്ചത്.

പ്രബല സമുദായത്തിന്റെ കടുത്ത എതിര്‍പ്പുണ്ടായിട്ടും ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും നേതൃത്വത്തിലായിരുന്നു ദലിതരുടെ ക്ഷേത്രപ്രവേശനം. പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നീക്കം. 500ലേറെ ദലിത് കുടുംബങ്ങള്‍ താമസിക്കുന്ന തെന്‍മുടിയന്നൂരിലെ 200 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണിത്.

പ്രാര്‍ഥനകള്‍ക്കു വെവ്വേറെ ക്ഷേത്രങ്ങള്‍ ഉപയോഗിക്കുക എന്ന ഉടമ്പടിയാണ് ഗ്രാമത്തില്‍ നിലനിന്നിരുന്നത്. ക്ഷേത്രത്തിലേക്ക് ദലിതര്‍ക്ക് പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടവും പോലീസും ചര്‍ച്ച നടത്തിയിരുന്നെങ്കിലും പ്രബല സമുദായത്തിന്റെ എതിര്‍പ്പ് ശക്തമായിരുന്നു.

ദലിതര്‍ പ്രവേശിച്ച ക്ഷേത്രം മുദ്രവയ്ക്കണം എന്നാവശ്യപ്പെട്ട് 750ലേറെ പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ പ്രദേശത്ത് കൂടുതല്‍ പോലീസിനെ നിയോഗിച്ചു.

Exit mobile version