ഭോപ്പാൽ: ഇരുപത് രൂപ മാത്രം ഈടാക്കി രോഗികൾക്ക് ചികിത്സ നൽകി വരുന്ന ഡോ. മുനീശ്വർ ചന്ദർ ഡാവറിനെ തേടി പത്മശ്രീ പുരസ്കാരം. മധ്യപ്രദേശിൽ നിന്നുള്ളതാണ് ഈ ഡോക്ടർ. 77 പിന്നിട്ട ഈ ഡോക്ടറെ കാണാൻ ദിനവും 200ലേറെ രോഗികളാണ് എത്തുന്നത്. എല്ലാവരിൽ നിന്നും 20 രൂപ മാത്രമാണ് ഈ ഡോക്ടർ ഈടാക്കുന്നത്.
പാകിസ്താൻ പഞ്ചാബിൽ 1946 ജനുവരി 16-നാണ് മുനീശ്വറിന്റെ ജനനം. വിഭജനത്തിന് പിന്നാലെ ഇന്ത്യയിലേക്ക് കുടിയേറി പാർത്തതാണ് ഇദ്ദേഹം. 1967-ൽ ജബൽപുറിലെ മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കി. 1971-ൽ ഇന്ത്യ-പാകിസ്താൻ യുദ്ധസമയത്ത് ഒരുകൊല്ലത്തോളം ഇന്ത്യൻ ആർമിയ്ക്കു വേണ്ടി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1972 മുതൽ ജബൽപുറിലാണ് അദ്ദേഹം പ്രാക്ടീസ് ചെയ്യുന്നത്.
ആദ്യകാലത്ത് രണ്ടുരൂപയായിരുന്നു അദ്ദേഹം രോഗികളിൽനിന്ന് ഈടാക്കിയിരുന്നത്. പിന്നീടാണ് 20 രൂപയാക്കിയത്. ജനങ്ങളെ സേവിക്കുക മാത്രമാണ് ലക്ഷ്യമെന്നും അതിനാലാണ് ഫീസ് കൂട്ടാത്തതെന്നും മുനീശ്വർ പ്രതികരിച്ചു. കഠിനാധ്വാനത്തിനുള്ള ഫലം വൈകിയാണെങ്കിലും ലഭിക്കുക തന്നെ ചെയ്യുമെന്നായിരുന്നു പദ്മശ്രീ പുരസ്കാരം ലഭിച്ചതിന് ശേഷം ഡോക്ടർ പറഞ്ഞത്.
Discussion about this post