പ്രതിഷേധം അവസാനിപ്പിക്കാൻ ബജ്റംഗ് ദളും വിഎച്ച്പിയും; ‘പഠാൻ’ ഗുജറാത്തിൽ നിറഞ്ഞാടും

Bajrang Dal | Bignewslive

അഹമ്മദാബാദ്: ബോളിവുഡ് സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിക്കുന്ന ‘പഠാൻ’ സിനിമയ്‌ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കാൻ ഒരുങ്ങി ബജ്റംഗ് ദളും വിശ്വ ഹിന്ദു പരിഷത്തും. അനാവശ്യ വിവാദങ്ങളിലൂടെ സർക്കാരിന്റെയും പാർട്ടിയുടെയും ജനക്ഷേമ നടപടികളിൽ നിന്നു ശ്രദ്ധ തിരിക്കുന്നതിനെതിരെ ബിജെപി നിർവാഹക സമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിമർശനം നടത്തിയതിന് പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

രാജ്യത്തൊരിടത്തും സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല എന്നായിരുന്നു വിഎച്ച്പി നേരത്തേ പറഞ്ഞിരുന്നത്. ചിത്രം റിലീസ് ചെയ്യാൻ ഒരുനാൾ ബാക്കി നിൽക്കെയാണ് പ്രതിഷേധക്കാരുടെ പിന്മാറ്റം. ഗുജറാത്തിൽ ‘പഠാൻ’ റിലീസ് ചെയ്യുന്നതു തടയില്ലെന്നാണു സംഘടനകളുടെ പുതിയ നിലപാട്. വിവാദങ്ങളെ തുടർന്നു സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) സിനിമയിൽ പത്തിലേറെ കട്ടുകൾ നിർദേശിച്ചിരുന്നു. ഇതിൽ തൃപ്തരാണെന്നു ബജ്റംഗ് ദളും വിഎച്ച്പിയും അറിയിച്ചു.

സിനിമയിലെ ‘ബേഷറം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണു വിവാദം ചൂടുപിടിച്ചത്. ഗാനത്തിൽ കാവി നിറത്തിലുള്ള ബിക്കിനിയണിഞ്ഞു ദീപിക എത്തിയതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഹിന്ദു മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു വിഎച്ച്പിയുടെ ആരോപണം.

Exit mobile version