ന്യൂഡല്‍ഹി: പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത് 23.46 ലക്ഷം രൂപയുടെ ബില്‍ അടയ്ക്കാതെ മുങ്ങിയയാള്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ദക്ഷിണ കന്നഡ സ്വദേശിയായ മഹമ്മദ് ഷെരീഫ് (41) ആണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലില്‍ മൂന്ന് മാസത്തോളമാണ് ഇയാള്‍ താമസിച്ചത്.
യുഎഇ സ്വദേശിയും അബുദാബി രാജകുടുംബത്തിലെ ജീവനക്കാരനുമാണെന്ന് പറഞ്ഞാണ് ഇയാള്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്തത്. 2022 ഓഗസ്റ്റ് ഒന്നു മുതല്‍ നവംബര്‍ 20 വരെയാണ് ഷെരീഫ് പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചത്. താന്‍ യുഎഇയിലാണ് ജോലി ചെയ്യുന്നതെന്നും അബുദാബി രാജകുടുംബാംഗമായ ഷെയ്ഖ് ഫലാഹ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഓഫിസിലാണ് ജോലി ചെയ്തിരുന്നതെന്നുമാണ് ഷെരീഫ് ഹോട്ടല്‍ അധികൃതരോട് പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം വ്യാജ ബിസിനസ് കാര്‍ഡ് ഹാജരാക്കി മൂന്നുമാസത്തോളമാണ് ഇയാള്‍ ഇവിടെ കഴിഞ്ഞത്. ബിസിനസ് കാര്‍ഡും യുഎഇയില്‍ സ്ഥിരതാമസമാക്കിയതിന്റെ കാര്‍ഡും മറ്റു രേഖകളും അയാള്‍ ഹാജരാക്കിയിരുന്നു. ശേഷം വിലപിടിപ്പുള്ള സാധനങ്ങളുമായി മുങ്ങി.
also read: നിക്ഷേപ തട്ടിപ്പ് കേസ്, ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തന് സ്വാതി റഹിം അറസ്റ്റില്‍
നവംബര്‍ 20ന് 20 ലക്ഷം രൂപയുടെ ചെക്ക് നല്‍കിയെങ്കിലും അക്കൗണ്ടില്‍ മതിയായ പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജരേഖകളാണ് ഇയാള്‍ നല്‍കിയതെന്ന് കണ്ടെത്തിയത്. ഇതിന് പിന്നാലെ ഹോട്ടല്‍ മാനേജര്‍ അനുപം ദാസ് ഗുപ്തയാണ് ജനുവരി 14ന് സരോജിനി നഗര്‍ പൊലീസില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു.
Discussion about this post