‘അവനൊരു കുട്ടിയാണ്, ഒന്നും ചെയ്യരുത്’: ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൈതാനത്തിനകത്ത് എത്തിയ ആരാധകനെ ചേര്‍ത്ത് പിടിച്ച് രോഹിത് ശര്‍മ്മ

റായ്പൂര്‍: റായ്പൂരിലെ ആദ്യ രാജ്യാന്തര ഏകദിനം കാണാന്‍ തിങ്ങിനിറഞ്ഞ ഗ്യാലറിയാണുണ്ടായിരുന്നത്. മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ മികച്ച അര്‍ധ സെഞ്ചുറിയുമായി കൈയ്യടി വാങ്ങിയപ്പോള്‍ കളിക്കിടെ ഒരു ആരാധകന്‍ ഹിറ്റ്മാനെ കാണാന്‍ മൈതാനത്തേക്ക് ഓടിയിറങ്ങിയതിന്റെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്.

എന്നാല്‍ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൈതാനം കീഴടക്കിയ ആരാധകനോടുള്ള രോഹിത് ശര്‍മ്മയുടെ പെരുമാറ്റം ഏവരുടേയും പ്രശംസ പിടിച്ചുപറ്റുകയാണ്.

109 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യയുടെ ഇന്നിംഗ്സിലെ 10-ാം ഓവറിലെ നാലാം പന്തില്‍ ടിക്‌നെറിനെ രോഹിത് ശര്‍മ്മ എക്ട്രാ കവറിന് മുകളൂടെ സിക്സറിന് പറത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഹിറ്റ്മാനെ കാണാന്‍ ആരാധകന്‍ മൈതാനത്തിറങ്ങിയത്.

ഓടി രോഹിത്തിന് അടുത്തെത്തിയ ഈ കുട്ടി ഫാന്‍ അദ്ദേഹത്തെ ആലിംഗനം ചെയ്തു. അപ്രതീക്ഷിതമായി ആരാധകന്‍ എത്തിയതോടെ രോഹിത് ഒരു നിമിഷം പതറി. കുട്ടിയ പിന്തുടര്‍ന്ന സുരക്ഷാ ജീവനക്കാരന്‍ ആരാധകനെ പിടികൂടിയെങ്കിലും രോഹിത് ശര്‍മ്മ ഇടപെട്ടു.

അവനൊരു കുട്ടിയാണ്, ഒന്നും ചെയ്യരുത് എന്ന് ഹിറ്റ്മാന്‍ സുരക്ഷാ ജീവനക്കാരനോട് പറയുന്നത് വീഡിയോയില്‍ കാണാമായിരുന്നു. ഹിറ്റ്മാനെ കാണാന്‍ കുഞ്ഞ് ആരാധകന്‍ സുരക്ഷാവേലിയെല്ലാം മറികടന്ന് പിച്ചിലെത്തിയത് ഇന്ത്യന്‍ ഡ്രസിംഗ് റൂമില്‍ ചിരി പടര്‍ത്തി. മത്സരം കുറച്ച് സമയത്തേക്ക് തടസപ്പെടുകയും ചെയ്തു. രോഹിത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഈ ആരാധകനെ സുരക്ഷാ ജീവനക്കാര്‍ സമാധാനത്തോടെ ബൗണ്ടറിലൈനിന് പുറത്തേക്ക് കൊണ്ടുപോയി.

Exit mobile version