പൂനെ: കുട്ടികളുണ്ടാവാൻ നിർബന്ധിത മന്ത്രവാദം നടത്തിയതായി പരാതി. ദുർമന്ത്രവാദത്തിന്റെ പേരിൽ യുവതിയെ മനുഷ്യന്റെ അസ്ഥി പൊടിച്ചത് നിർബന്ധിച്ച് കഴിപ്പിച്ചതായാണ് പുറത്ത് വരുന്ന വിവരം. പൂനെയിലെ 28കാരിയെയാണ് ദുർമന്ത്രവാദത്തിന് ഇരയാക്കിയത്. കുട്ടികളുണ്ടാകാത്തതിന്റെ പേരിലാണ് ദുർമന്ത്രവാദം നടത്തിയത്.
സംഭവത്തിൽ യുവതിയുടെ ഭർത്താവ്, ഭർതൃമാതാപിതാക്കൾ, മന്ത്രവാദം നടത്തിയ സ്ത്രീ തുടങ്ങിയവർക്കെതിരെ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ ദുർമന്ത്രവാദ നിർമാർജന നിയമം 2013 പ്രകാരവും സ്ത്രീധന പീഡന നിരോധന നിയമപ്രകാരവും ഏഴു പ്രതികൾക്കെതിരേ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു. 2019-ലായിരുന്നു വിവാഹം നടത്തിയത്.
ദമ്പതികൾക്ക് കുട്ടികളില്ലായിരുന്നു. അമാവസി ദിനത്തിൽ പ്രത്യേക പൂജ നടത്തിയാൽ കുട്ടികളുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് സ്ഥിരമായി മന്ത്രവാദം നടത്തിവന്നതായി പോലീസ് പറയുന്നു. മന്ത്രവാദ ചടങ്ങിന്റെ ഭാഗമായാണ് യുവതിയെ എല്ലുപൊടി നിർബന്ധിച്ച് കഴിപ്പിച്ചത്.
കൂടാതെ ഒരു വെള്ളച്ചാട്ടത്തിൽ പൊയി കുളിക്കണമെന്നും മന്ത്രവാദം നടത്തിയ സ്ത്രീ നിർദേശിച്ചിരുന്നു. നിർബന്ധിത മന്ത്രവാദത്തിനൊപ്പം തന്റെ മാതാപിതാക്കളിൽ നിന്ന് പണം വാങ്ങിനൽകണമെന്നാവശ്യപ്പെട്ട് മർദ്ദിക്കാറുണ്ടെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
Discussion about this post