3 വയസുകാരിയെ കൊലപ്പെടുത്തിയ ശേഷം ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞു; അഞ്ച് കുട്ടികളുടെ അമ്മയായ സുനിതയുടെ ക്രൂരത കാമുകനൊപ്പം ജീവിക്കാൻ

ജയ്പൂർ: കാമുകനൊപ്പം ജീവിക്കാൻ മൂന്ന് വയസുകാരി മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഓടുന്ന ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞു. കാമുകനുമായി ചേർന്നാണ് കൊടുംക്രൂരത നടത്തിയത്. രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ വ്യാഴാഴ്ചയാണ് സംഭവം. രാജസ്ഥാൻ സ്വദേശികളായ സണ്ണി, സുനിത എന്നിവരാണ് പ്രതികൾ. സുനിത അഞ്ച് കുട്ടികളുടെ അമ്മ കൂടിയാണ്.

മൂന്ന് വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കാമുകന്റെ സഹായത്തോടെ ബെഡ്ഷീറ്റിൽ പൊതിഞ്ഞു എന്നാണ് പോലീസ് പറയുന്നത്. തുടർന്ന് ഗംഗാനഗർ റെയിൽവെ സ്റ്റേഷനിൽ നിന്നും രാവിലെ 6 മണിക്ക് ട്രെയിൻ കയറിയ ഇവർ കുട്ടിയുടെ മൃതദേഹം ഫതുഹി റെയിൽവേ സ്റ്റേഷന് സമീപമുള്ള കനാലിന് മുകളിൽ നിന്നും വലിച്ചെറിയുകയായിരുന്നു.

കനാലിന് സമീപമുള്ള റെയിൽവേ ട്രാക്കിൽ നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. സുനിതയുടെ മറ്റു മൂന്ന് കുട്ടികൾ നിലവിൽ അവരുടെ അച്ഛന്റെയൊപ്പമാണ്. രണ്ട് പെൺകുട്ടികളുമായി സുനിത കാമുകനൊപ്പവും ജീവിച്ചു വരികയായിരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ സുനിതയെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി.

Exit mobile version