രണ്ട് കാമുകന്മാർ ഒരുമിച്ച് വീട്ടിലെത്തി ബഹളം വെച്ചതിന് പിന്നാലെ കിണറ്റിൽ ചാടി ജീവനൊടുക്കാൻ പെൺകുട്ടിയുടെ ശ്രമം. മധ്യപ്രദേശിലെ ബേതുളിൽ അമിനോർ എന്ന സ്ഥലത്താണ് നാടകീയ സംഭവ വികാസങ്ങൾ അരങ്ങേറിയത്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികൾ പെൺകുട്ടിയെ കരയ്ക്ക് കയറ്റി ആശുപത്രിയിലെത്തിച്ചുവെങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
ഒരേസമയം പെൺകുട്ടിയുടെ കാമുകനും മുൻ കാമുകനും വീട്ടിലെത്തിയ ശേഷം, തങ്ങളിൽ ആരെയാണ് യഥാർഥത്തിൽ സ്‌നേഹിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും പെൺകുട്ടിയെ മർദിക്കാൻ തുടങ്ങി. ഇതോടെയാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് തുനിഞ്ഞത്. സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ വീടിനുള്ളിൽ കയറി ബഹളമുണ്ടാക്കിയ രണ്ടു യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി.
ഇവരെ ചോദ്യം ചെയ്തുവരികയാണ്. പെൺകുട്ടി തന്റെ മുൻ കാമുകനുമായി സംസാരിക്കുന്നത് നിർത്തി പുതിയൊരാളുമായി അടുപ്പം തുടങ്ങിയിരുന്നു. ഇതിനിടെയാണ് പെൺകുട്ടിക്ക് മറ്റൊരു ബന്ധമുണ്ടെന്ന വിവരം പുതിയ കാമുകൻ അറിയുന്നത്. വൈകാതെ ഇരു കാമുകൻമാരും തമ്മിൽ കണ്ടുമുട്ടിയതോടെ, പെൺകുട്ടിയെ നേരിൽ കണ്ട് വിവരം ചോദിച്ചറിയാനായി വീട്ടിലേയ്ക്ക് എത്തുകയായിരുന്നു. ശേഷം മൂവരും തമ്മിൽ വാക്കേറ്റമുണ്ടായി, ഇത് വൻ സംഘർഷത്തിലേക്ക് എത്തുകയായിരുന്നു.
Discussion about this post