ന്യൂഡൽഹി: സ്ത്രീകൾ രാത്രി യാത്രകളിൽ സുരക്ഷിതരാണോ എന്നറിയാൻ രാത്രി പരിശോധനയ്ക്ക് ഇറങ്ങിയ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷയ്ക്ക് നേരെ അതിക്രമം. കൈ കാറിൽ കുരുക്കി വലിച്ചിഴച്ചെന്നാണ് പരാതി. വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് ആക്രമണമുണ്ടായതെന്ന് സ്വാതി മലിവാൾ പറയുന്നു. കാറിൽ കൈ കുരുങ്ങിയ സ്വാതിയെ, 15 മീറ്ററോളം വലിച്ചിഴച്ചതായാണ് വിവരം. തലസ്ഥാന നഗരിയിൽ സ്ത്രീകൾ രാത്രികാലത്ത് നേരിടുന്ന വെല്ലുവിളികൾ പരിശോധിക്കാനെത്തിയതായിരുന്നു സ്വാതി മലിവാളും സംഘവും.
സംഭവത്തിൽ 47കാരനായ കാർ ഡ്രൈവർ ഹരീഷ് ചന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവ സമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായാണ് വിവരം. സംഭവത്തിൽ കർശന നടപടിക്ക് വനിതാ കമ്മിഷൻ അധ്യക്ഷ നിർദ്ദേശം നൽകി. പുലർച്ചെ എയിംസ് ആശുപത്രിയുടെ സമീപത്തു നിൽക്കെ കാറിൽ അടുത്തെത്തിയ ഹരീഷ് ചന്ദ്ര, വാഹനത്തിനുള്ളിൽ കയറാൻ നിർബന്ധിച്ചതായി സ്വാതി പറയുന്നു.
കാറിനുള്ളിൽ കയറാൻ വിസമ്മതിച്ചതോടെ മുന്നോട്ടു നീങ്ങിയ ഹരീഷ് ചന്ദ്ര, പെട്ടെന്ന് യുടേൺ എടുത്ത് വീണ്ടും അടുത്തേക്കു വന്നു. സമീപത്തെ വീതികുറഞ്ഞ വഴിയിലൂടെയാണ് ഇയാൾ തിരിച്ചെത്തിയത്. കാറിനുള്ളിൽ കയറാൻ വീണ്ടും നിർബന്ധിച്ചതോടെ, ഹരീഷ് ചന്ദ്രയെ പിടികൂടുന്നതിനായി അടുത്തേയ്ക്ക് നീങ്ങി. ഉള്ളിലേക്ക് കയ്യിട്ട് ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും, പെട്ടെന്നു തന്നെ വിൻഡോ ഗ്ലാസ് ഉയർത്തി ഇയാൾ രക്ഷപ്പെടാൻ ശ്രമം നടത്തുകയായിരുന്നുവെന്ന് സ്വാതി പറയുന്നു.
എന്നാൽ ഇതിനിടെ തന്റെ ഉള്ളിൽ കുരുങ്ങുകയും തന്നെ വലിച്ചിഴയ്ക്കുകയുമായിരുന്നുവെന്ന് സ്വാതി തന്റെ പരാതിയിൽ പറയുന്നു. സ്വാതിക്കൊപ്പം കൂടുതൽ പേർ പരിശോധനയ്ക്കായി റോഡിലുണ്ടായിരുന്നെങ്കിലും, സംഭവം നടക്കുമ്പോൾ ഇവർ അൽപം അകലെയായിരുന്നുവെന്ന് പറയുന്നു.
Discussion about this post