മധുരൈ: തമിഴ് നടൻ വടിവേലുവിന്റെ അമ്മ അന്തരിച്ചു. 87-ാം വയസിലാണ് പാപ്പ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിടപറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാപ്പ ആശുപത്രിയിൽ ആയിരുന്നു. ചികിത്സയിലിരിക്കെയാണ് പാപ്പ ബുധനാഴ് രാത്രിയോടെ അന്തരിച്ചത്.
പാപ്പയുടെ വിയോഗത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വടിവേലുവിനെ ഫോണിൽ ബന്ധപ്പെട്ട് അനുശോചനം രേഖപ്പെടുത്തി. നിരവധി സിനിമ താരങ്ങളും നേരിട്ടെത്തിയും അല്ലാതെയും അനുശോചനം അറിയിച്ചിട്ടുണ്ട്. മധുരൈയ്ക്കടുത്തുള്ള വിരാഗനൂരിലായിരുന്നു പാപ്പ താമസിച്ചിരുന്നത്.
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഈയിടെ നായ് ശേഖർ റിട്ടേൺസ് എന്ന ചിത്രത്തിലൂടെ വടിവേലു തിരിച്ചുവരവ് നടത്തിയിരുന്നു. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന മാമനിതൻ, പി.വാസു സംവിധാനം ചെയ്യുന്ന ചന്ദ്രമുഖി 2 എന്നിവയാണ് വടിവേലുവിന്റേതായി വരാനിരിക്കുന്ന മറ്റ് ചിത്രങ്ങൾ.