കൊച്ചി: നടി അമല പോളിന് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ച സംഭവം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമല പോള്‍. 2023ലും ഇത്തരം വിവേചനങ്ങള്‍ നിലനില്ക്കുന്നതില് ദുഃഖവും നിരാശയുമുണ്ടെന്ന് താരം പറയുന്നു.
ക്ഷേത്രം സന്ദര്‍ശക ഡയറിയിലാണ് അമല പോള്‍ തന്റെ ദുഃഖം രേഖപ്പെടുത്തിയത്. മതപരമായ വിവേചനത്തില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മനുഷ്യരായി പരിഗണിക്കുന്ന കാലം വരുമെന്നും അമലപോള്‍ ക്ഷേത്രത്തിന്റെ സന്ദര്‍ശക ഡയറിയില്‍ കുറിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അമലപോള്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയത്.
‘2023ലും ഇത്തരം വിവേചനങ്ങള്‍ നിലനില്ക്കുന്നതില് ദുഃഖവും നിരാശയുമുണ്ട്. എനിക്ക് ദേവിയുടെ അടുത്തേക്ക് പോകാനായില്ല. പക്ഷെ, അകലെ നിന്ന് ആ ചൈതന്യം അനുഭവിക്കാനായി. മതപരമായ വിവേചനത്തില്‍ ഉടന്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ മനുഷ്യരായി നമ്മെ പരിഗണിക്കുന്ന സമയം വരും,’ എന്നായിരുന്നു അമലപോള്‍ സന്ദര്‍ശക ഡയറിയില്‍ കുറിച്ചത്.
അതേസമയം, ഈ കാര്യത്തില്‍ വിവാദമുണ്ടാക്കുന്നത് അനാവശ്യമാണെന്നും തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. അമല പോള്‍ മുന്നറിയിപ്പ് ഇല്ലാതെയാണ് വന്നതെന്നും അപ്പോള്‍ തന്നെ അഹിന്ദുക്കളെ പ്രവേശിപ്പിക്കാറില്ലെന്ന് അറിയിച്ചിരുന്നുവെന്നും ക്ഷേത്രം സെക്രട്ടറി പ്രസൂണ്‍കുമാര്‍ വ്യക്തമാക്കി.
Discussion about this post