ഗാന്ധിനഗർ: പട്ടം പറത്തൽ ഉത്സവത്തിനിടയിൽ നൂല് കഴുത്തിൽ കുരുങ്ങി മരിച്ചത് മൂന്ന് കുട്ടികളടക്കം ആറ് പേർ. ഉത്തരായൺ ഉത്സവത്തിനോടനുബന്ധിച്ചുള്ള പട്ടം പറത്തൽ മത്സരത്തിനിടെയാണ് ദാരുണമായ അപകടങ്ങൾ അരങ്ങേറിയത്. ഉത്സവത്തിനോടനുബന്ധിച്ച് നടന്ന മത്സരത്തിൽ ആളുകൾ കൂട്ടമായി പലയിടത്തും നിന്ന് പട്ടം പറത്തി. മത്സരത്തിൽ പങ്കെടുക്കുന്ന മറ്റ് പട്ടങ്ങളെ അരിഞ്ഞ് വീഴ്ത്താൻ നൂലിൽ കുപ്പിച്ചില്ല് അടക്കമുള്ളവ ചേർത്ത് തയ്യാറാക്കിയ നൂൽ കൊണ്ടാണ് പട്ടം പറത്തിയിരുന്നത്.
ഈ നൂല് കഴുത്തിൽ കുരുങ്ങി മുറിഞ്ഞാണ് പലരും മരണത്തിന് കീഴടങ്ങിയത്. ബൈക്ക് യാത്രികരാണ് കൂടുതലും അപകടത്തിൽപ്പെട്ടത്. പിതാവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് വയസ്സുകാരി, വിസ്നഗർ ടൗണിൽ ശനിയാഴ്ച്ച അമ്മയ്ക്കൊപ്പം വീട്ടിലേക്ക് നടന്നു പോയ കിസ്മത് എന്ന് പേരുള്ള മൂന്ന് വയസ്സുള്ള പെൺകുട്ടി തുടങ്ങിയ കുട്ടികളാണ് കഴുത്തിൽ നൂൽ കുരുങ്ങി ഗുരുതര മുറിവുണ്ടായി മരണപ്പെട്ടത്.
കൂടാതെ മുതിർന്നവരും സമാന രീതിയിൽ തന്നെയാണ് മരണപ്പെട്ടത്. ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും ഗുജറാത്തിലെ വിവിധ ഭാഗങ്ങളിലുണ്ടായ അപകടങ്ങളിൽ 130 ഓളം പേർക്കാണ് പരിക്കേറ്റത്. 46 പേർ പട്ടം പറത്തുന്നതിനിടയിൽ ഉയരങ്ങളിൽ നിന്ന് വീണ് അപകടത്തിൽപെട്ടു. ആഘോഷങ്ങളുടെ രാവ് ഗുജറാത്തിന് സമ്മാനിച്ചത് കൂട്ടമരണങ്ങളുടെ നീണ്ടനിര തന്നെയായിരുന്നു. ദുരന്തം ജനങ്ങളെയും ഭീതിയിലാഴ്ത്തി.
Discussion about this post