മുംബൈ: ഉത്സവ സീസണുകളിലും വാര്‍ഷിക ദിനത്തിലുമൊക്കെ കമ്പനികള്‍ ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്നത് പതിവാണ്. സ്വര്‍ണവും വാഹനങ്ങളും ജീവനക്കാര്‍ക്കായി വിനോദ യാത്രകളും മറ്റും കമ്പനികള്‍ സംഘടിപ്പിക്കാറുമുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തനായിരിക്കുകയാണ് ഭാരത് പേയുടെ സഹ സ്ഥാപകനായ അഷ്‌നീര്‍ ഗ്രോവര്‍.
അദ്ദേഹം ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ച ബോണസാണ് സോഷ്യലിടത്ത് വൈറലാകുന്നത്. തന്റെ പുതിയ സ്റ്റാര്‍ട്ടപ്പായ തേര്‍ഡ് യൂണികോണില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്ന ജീവനക്കാര്‍ക്ക് മെഴ്‌സിഡസ് കാറാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.
ഗ്രോവര്‍ തന്നെയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ വഴി അറിയിച്ചത്. തന്റെ സംരംഭത്തെക്കുറിച്ചുള്ള ചെറിയ വിശദാംശങ്ങള്‍ വെളിപ്പെടുത്തുകയും നിക്ഷേപകരെയും ആളുകളെയും ടീമില്‍ ചേരാന്‍ ക്ഷണിക്കുകയും ചെയ്തു.
Read Also: ബ്രിട്ടനില്‍ മരിച്ച മലയാളി വിദ്യാര്‍ഥി വിജിന്‍ വര്‍ഗീസിന്റെ കുടുംബത്തിന് ആറ് ലക്ഷം രൂപ കൈമാറി
‘നമുക്ക് 2023 ല്‍ കുറച്ച് ജോലികള്‍ ചെയ്യാം. തേര്‍ഡ് യൂണികോണില്‍ ഞങ്ങള്‍ നിശബ്ദമായും സമാധാനപരമായും വിപണിയെ പിടിച്ചുകുലുക്കുന്ന ഒരു ബിസിനസ് കെട്ടിപ്പടുക്കുകയാണ്. തയ്യാറെടുത്തു കൊള്ളൂ. ഞങ്ങള്‍ കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്യുന്നു. വളരെ വ്യത്യസ്തമായി” അദ്ദേഹം പറഞ്ഞു.
2022ല്‍ തന്റെ 40-ാം ജന്മദിനത്തിലാണ് ഗ്രോവര്‍ പുതിയ സ്റ്റാര്‍ട്ടപ്പിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. തേര്‍ഡ് യൂണികോണ്‍ പൂര്‍ണമായും ഒരു സ്വദേശി കമ്പനിയാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഗ്രോവറിനോടും ഭാര്യയും ഭാരത് പെ ഹെഡ് ഓഫ് കണ്‍ട്രോള്‍സുമായ മാധുരി ജെയിന്‍ ഗ്രോവറിനോടും രാജി വയ്ക്കാന്‍ കമ്പനി ആവശ്യപ്പെട്ടിരുന്നു.