ലോട്ടറി എടുക്കുന്നത് അത് അടിക്കുമെന്ന പ്രതീക്ഷയോടെ ആണെങ്കിലും പെട്ടെന്ന് ലോട്ടറിയടിച്ചുവെന്ന് കേള്‍ക്കുമ്പോള്‍ ആരായാലും പരിഭ്രാന്തരാവും. അത്തരത്തില്‍ തനിക്ക് ലോട്ടറിയടിച്ച വിവരം അറിഞ്ഞ് വീട്ടുജോലിക്കാരിയായ യുവതി ഭയന്ന് വിയറച്ച് പോലീസ് സ്‌റ്റേഷനിലേക്ക് ഓടിയ വാര്‍ത്തയാണ് ഇന്ന് മാധ്യമങ്ങളില്‍ നിറയുന്നത്.
ബംഗാളിലാണ് സംഭവം. പശ്ചിമബംഗാളിലെ അസന്‍സോള്‍ സ്വദേശിയായ പുത്തുല്‍ ഹരി എന്ന് യുവതിക്കാണ് താന്‍ എടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനമായി ഒരു കോടി രൂപ അടിച്ചത്. നിര്‍ധന കുടുംബമായിരുന്നു യുവതിയുടേത്. കുടുംബം പുലര്‍ത്താന്‍ യുവതി വീടുകളില്‍ വീട്ടുജോലി ചെയ്തു വരികയായിരുന്നു.
യുവതിയുടെ ഭര്‍ത്താവ് കൂലിപ്പണിക്കാരനാണ്. 30 രൂപ കൊടുത്ത് എടുത്ത ടിക്കറ്റിനാണ് യുവതിക്ക് ഒരു കോടി സമ്മാനമായി ലഭിച്ചത്. തനിക്കാണ് ലോട്ടറിയടിച്ചത് എന്നറിഞ്ഞപ്പോള്‍ ആരെങ്കിലും തന്നെ അപായപ്പെടുത്തി പണം സ്വന്തമാക്കുമോ എന്ന് പേടിയായിരുന്നു യുവതിക്ക്.
also read: പ്രവീണ്‍ റാണയുടെ അക്കൗണ്ടുകള്‍ കാലി: വിവാഹമോതിരം 75000 രൂപയ്ക്ക് വിറ്റ് ഒളിവില്‍പ്പോയി
തുടര്‍ന്ന് നേരെ പോലീസ് സ്‌റ്റേഷനിലെത്തി തനിക്ക് ലോട്ടറിയടിച്ച വിവരം അറിയിക്കുകയും ആരും തന്നെ അപായപ്പെടുത്താതിരിക്കാന്‍ പോലീസിനോട് സഹായം ചോദിക്കുകയുമായിരുന്നു. തനിക്ക് ലോട്ടറി അടിച്ചെങ്കിലും താന്‍ വീട്ടുജോലി ഉപേക്ഷിക്കില്ലെന്നും തുടര്‍ന്നും ഇതേ ജോലി തന്നെ തുടരുമെന്നും യുവതി പറയുന്നു.
അടച്ചുറപ്പുള്ള ഒരു വീട് വെക്കാനും കിടപ്പുരോഗിയായ മകന്റെ ചികിത്സക്കും മകളുടെ വിവാഹത്തെ തുടര്‍ന്നുണ്ടായ കടബാധ്യത ഇല്ലാതാക്കാനും ആണ് ലോട്ടറി തുക ആദ്യം ഉപയോഗിക്കുക എന്നും പുത്തുല്‍ ഹരി പറയുന്നു.