ലഖ്‌നൗ: ഭാരത് ജോഡോ യാത്രയ്ക്കിടെ സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയെ പരസ്യമായി ചുംബിച്ച രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ ദിനേഷ് പ്രതാപ സിങ് രംഗത്ത്.
ഇത് നമ്മുടെ സംസ്‌കാരമല്ല. ഏത് പാണ്ഡവനാണ് 50-ാം വയസില്‍ പൊതുവേദിയില്‍ വെച്ച് സ്വന്തം സഹോദരിയെ ചുംബിച്ചിട്ടുളളത് എന്ന് ദിനേഷ് പ്രതാപ സിങ് ചോദിച്ചു.
ബിജെപി നേതാവ് ഇത്തരം കാര്യങ്ങള്‍ ഭാരതീയ സംസ്‌കാരം അനുവദിക്കുന്നില്ല.
ആര്‍എസ്എസുകാര്‍ 21-ാം നൂറ്റാണ്ടിലെ കൗരവരാണെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി വിമര്‍ശിച്ചതിന് പിന്നാലെയാണ് ബിജെപി മന്ത്രിയുടെ വിമര്‍ശനം.
‘ആര്‍എസ്എസുകാരെ കൗരവരെന്ന് വിളിക്കുമ്പോള്‍, താന്‍ പാണ്ഡവനാണെന്നാണോ രാഹുല്‍ ഗാന്ധി ഉദ്ദേശിക്കുന്നത്. രാഹുല്‍ പാണ്ഡവനാണെങ്കില്‍ ഏത് പാണ്ഡവനാണ് അമ്പതാം വയസില്‍ പൊതുവേദിയില്‍ സഹോദരിയെ ഉമ്മ വെച്ചത്. അത് നമ്മുടെ സംസ്‌കാരമല്ല. ഭാരതീയ സംസ്‌കാരം ഇത്തരം കാര്യങ്ങള്‍ അനുവദിക്കുന്നില്ല,’ ദിനേഷ് പ്രതാപ സിങ് പറഞ്ഞു.
ഹരിയാനയിലെ അംബാലയില്‍ ഭാരത് ജോഡോ യാത്രയില്‍ സംസാരിക്കവെയായിരുന്നു ആര്‍എസ്എസുകാരെ രാഹുല്‍ ഗാന്ധി കൗരവരെന്ന് വിശേഷിപ്പിച്ചത്. ഹരിയാന മഹാഭാരതത്തിന്റെ നാടായിരുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.
‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവര്‍ കാക്കി ട്രൗസര്‍ ധരിച്ചവരാണ്. അവര്‍ കൈകളില്‍ ലാത്തി പിടിച്ച് ശാഖകളില്‍ പങ്കെടുക്കുന്നു. രാജ്യത്തെ ധനികര്‍ അവര്‍ക്കൊപ്പമാണ്. നോട്ട് നിരോധനവും ജിഎസ്ടിയും കൊണ്ട് വന്ന് ജനങ്ങളെ ബുദ്ധിമുട്ടിച്ചതെന്ന് നിങ്ങള്‍ മനസ്സിലാക്കണം. ഈ നയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അംഗീകരിച്ചതിന് പിന്നില്‍ ഈ ധനികരുടെ നീക്കങ്ങളാണ്.’ രാഹുല്‍ ഗാന്ധി പറഞ്ഞു.