ബംഗളൂരു: മെട്രോ തൂണ്‍ തകര്‍ന്നുവീണ് അമ്മയും മൂന്ന് വയസുള്ള മകനും മരിച്ച സംഭവത്തില്‍ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഇന്നലെ രാവിലെ നടന്ന അപകടത്തില്‍ തേജസ്വിനി (28), മകന്‍ വിഹാന്‍ എന്നിവരാണ് മരിച്ചത്.
മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് നഷ്ടപരിഹാരത്തുക നല്‍കുന്നത്. ബംഗളൂരുവിലെ നഗവാരയില്‍ ഔട്ടര്‍ റിംഗ് റോഡില്‍ എച്ച് ബി ആര്‍ ലേ ഔട്ടില്‍ നിര്‍മ്മാണത്തിലിരുന്ന ബംഗളൂരു മെട്രോയുടെ തൂണ്‍ ആണ് തകര്‍ന്നുവീണത്.
അപകടം നടന്നത് വളരെ ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. മെട്രോ തൂണ്‍ തകര്‍ന്നുവീണതിന്റെ കാരണം അന്വേഷിക്കാന്‍ അധികാരികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗളൂരു മെട്രോയുടെ ഫേസ് 2 ബിയുടെ നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഈ സമയം റോഡിലൂടെ പോവുകയായിരുന്ന കുടുംബത്തിന് മേലേയ്ക്ക് തൂണ്‍ തകര്‍ന്നുവീഴുകയായിരുന്നു. വലിയ ഭാരമുള്ള ഇരുമ്പ് കമ്പികള്‍ നിലംപൊത്തി വീണതാണ് അപകടകാരണം. അപകടത്തെത്തുടര്‍ന്ന് പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.
അതേസമയം, അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ബംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡും (ബിഎംആര്‍സിഎല്‍) 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍ തേജസ്വിനിയുടെ ഭര്‍ത്താവ് ലോഹിത്തിനും മകള്‍ക്കും പരിക്കേറ്റിരുന്നു. ഇവരുടെ ചികിത്സാചെലവ് ഏറ്റെടുക്കുമെന്നും ബിഎംആര്‍സിഎല്‍ അറിയിച്ചിരുന്നു.
Discussion about this post