ബംഗളുരു മെട്രോ തൂണ്‍ സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് മേല്‍ തകര്‍ന്നു വീണു: അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം, പിതാവിന്റെ നിലഗുരുതരം

ബംഗളുരു: ബംഗളുരു മെട്രോയുടെ തൂണ്‍ തകര്‍ന്നു വീണ് അമ്മയ്ക്കും രണ്ടര വയസുള്ള കുഞ്ഞിനും ദാരുണാന്ത്യം. പിതാവിന് ഗുരുതര പരിക്കേറ്റു. തേജസ്വിനി എന്ന 28 കാരിയായ യുവതിയും ഇവരുടെ രണ്ടര വയസുകാരനായ മകന്‍ വിഹാനുമാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

മെട്രോയുടെ നിര്‍മ്മാണത്തിലിരുന്ന തൂണാണ് തകര്‍ന്ന് വീണത്. ഈ സമയത്ത് സമീപത്തെ റോഡിലൂടെ പോവുകയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരായ കുടുംബത്തിന്റെ മുകളിലേക്കാണ് തൂണ്‍ തകര്‍ന്ന് വീണത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അമ്മയേയും പിഞ്ചുകുഞ്ഞിനേയും രക്ഷിക്കാനായില്ല. അപകടത്തില്‍ പിതാവിന്റെ പരിക്കും ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔട്ടര്‍ റിങ് റോഡില്‍ എച്ച്ബിആര്‍ ലെയൗട്ടിലാണ് അപകടമുണ്ടായത്. കല്യാണ്‍ നഗറില്‍ നിന്ന് എച്ച്ആര്‍ബിആര്‍ ലേ ഔട്ടിലേക്കുള്ള റോഡിനെ സമീപത്തെ തൂണാണ് തകര്‍ന്നത്.


അപകടത്തിന് പിന്നാലെ മേഖലയില്‍ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ബംഗളുരു മെട്രോയുടെ ഫേസ് 2 ബി പണികള്‍ പുരോഗമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ബംഗളുരു വിമാനത്താവളം വരെയാണ് ഈ ഘട്ടത്തിലെ പണികള്‍ നടക്കുക. വലിയ ഭാരമുള്ള ഇരുമ്പ് കമ്പികള്‍ നിലംപൊത്തിയാണ് അപകടമുണ്ടായത്.

Exit mobile version