ഓമനിച്ചു കൊണ്ടുനടന്ന വളർത്തുനായയെ തല്ലിക്കൊന്ന ശേഷം കായലിൽ തള്ളാൻ ശ്രമിച്ച യുവതി അതേ കായലിൽ വീണ് മരിച്ചു. ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. റൂബി എന്ന യുവതിയാണ് മരണപ്പെട്ടത്. തന്നെയും തന്റെ ഇളയ കുഞ്ഞിനേയും നായ കടിച്ചതിന്റെ ദേഷ്യത്തിലാണ് യുവതി നായയെ തല്ലിക്കൊന്നത് എന്നാണ് ലഭിക്കുന്ന വിവരം.
ഏറെ നേരമായും ഭാര്യയെ കാണാത്തതിനെ തുടർന്ന് ഭർത്താവ് അന്വേഷിച്ച് ഇറങ്ങി. കായൽക്കരയിലെത്തിയതും ഭാര്യയുടെ ചെരുപ്പ് കരയിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെടുത്തത്.
ഭാര്യയുടെ മൃതദേഹം ഭർത്താവ് നാട്ടുകാരുടെ സഹായത്തോടെ കായലിൽ നിന്നും വലിച്ച് പുറത്തെത്തിക്കുകയായിരുന്നു. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചതായും, പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.