സംഭാല്‍: ആദ്യ വിവാഹം മറച്ചുവച്ചു വിവാഹിതനാകാനുള്ള യുവാവിന്റെ ശ്രമം വിവാദമായി. വിവാഹ വേദിയിലേക്ക് വരന്റെ ആദ്യഭാര്യയെത്തിയത് സംഘര്‍ഷത്തിനിടയാക്കി. ഒടുവില്‍ വരന്റെ ഇളയ സഹോദരനെ വധു വിവാഹം കഴിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലാണ് സംഭവം. സൈദംഗലി പോലീസ് സ്റ്റേഷന് പരിധിയിലെ ഹരിയാന ഗ്രാമത്തില്‍ നിന്നുള്ള യുവാവിന്റെ വിവാഹമാണ് മുടങ്ങിയത്.
അസ്മോലി പോലീസ് സ്റ്റേഷന് പരിധിയിലെ ദവായ് ഖുര്‍ദ് ഗ്രാമത്തിലെ യുവതിയുമായിട്ടാണ് ഇയാളുടെ വിവാഹം നിശ്ചയിച്ചിരുന്നതെന്ന് ആജ് തക് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ തന്റെ ആദ്യ വിവാഹം മറച്ചുവച്ചുകൊണ്ടാണ് യുവാവ് രണ്ടാം വിവാഹത്തിന് ഒരുങ്ങിയത്. അഞ്ച് വര്‍ഷം മുമ്പ് ഇയാള്‍ തന്റെ ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ അഞ്ച് കുട്ടികളുമുണ്ട്. ഇരുവരും തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് കുറച്ചുകാലമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.
വിവാഹ നിശ്ചയ ചടങ്ങുകള്‍ വലിയ ആഘോഷത്തോടെയാണ് നടന്നത്. എന്നാല്‍ കല്യാണ ദിവസം ആദ്യഭാര്യയും മക്കളുമെത്തിയതോടെയാണ് സത്യാവസ്ഥ പുറത്തറിയുന്നത്. തര്‍ക്കം മൂത്തതോടെ സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. യുവാവ് രഹസ്യമായി മറ്റൊരു വിവാഹം കഴിച്ചതായി യുവതി ആരോപിച്ചു. ഇതിനുശേഷം പോലീസ് ഇരുവിഭാഗത്തെയും അസ്മോലി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇതിനിടെ പഞ്ചായത്തിലെ ചില മുതിര്‍ന്ന അംഗങ്ങള്‍ പോലീസ് സ്റ്റേഷനിലെത്തി ചര്‍ച്ച നടത്തുകയും ചെയ്തു.
വരന് തന്റെ രണ്ടാം ഭാര്യയെ വിവാഹമോചനം ചെയ്യണമെന്നും വിവാഹമോചനത്തിന് ശേഷം വധു വരന്റെ ഇളയ സഹോദരനെ വിവാഹം കഴിക്കണമെന്നും പഞ്ചായത്ത് തീരുമാനിച്ചു. സംഭവം ഗ്രാമത്തില്‍ ചൂടേറിയ ചര്‍ച്ചയാവുകയും ചെയ്തു. വിവാഹം യുവാവിന്റെതായിരുന്നില്ലെന്നും ഇളയ സഹോദരന്റെതായിരുന്നുവെന്നും ആദ്യ ഭാര്യ വെറുതെ പ്രശ്നമുണ്ടാക്കിയതുമാണെന്നായിരുന്നു ഗ്രാമവാസികള്‍ പറഞ്ഞത്.
Discussion about this post