ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയ്ക്കൊപ്പം ചേർന്ന് പ്രിയങ്ക ഗാന്ധിയുടെ വളർത്തുനായ ലൂണ. ഏറെ ആവേശത്തോടെ, അനുസരണയോടെ നടന്നുനീങ്ങുന്ന ലൂണയുടെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. രാഹുലിന് മുമ്പെ നടന്നുനീങ്ങുന്ന ലൂണ ആരേയും ഭയപ്പെടുത്തുന്നില്ല.
ലൂണയെ കെട്ടിയിരിക്കുന്ന ലീഷിന്റെ നിയന്ത്രണം രാഹുൽ ഗാന്ധിയുടെ കൈകളിലാണ്. പദയാത്രയിൽ പങ്കെടുക്കുന്നവരെ സ്നേഹത്തോടെ നോക്കി ഉത്സാഹത്തോടെ തുള്ളിച്ചാടിയാണ് ലുണയുടെ സഞ്ചാരം. ‘ലൂണയെ കിഡ്നാപ് ചെയ്തിരിക്കുകയാണ്’ എന്ന കുറിപ്പോടെയാണ് രാഹുൽ ലൂണയുമായി നടന്നുനീങ്ങുന്ന ഫോട്ടോ പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.
ഫോട്ടോയ്ക്ക് മേലെ മറ്റൊരു കുറിപ്പുമുണ്ട്. ലൂണയുടെ വാക്കുകൾ പോലെയാണ് കുറിച്ചിരിക്കുന്നത്. ‘താങ്കളുടെ യാത്രയിലേക്ക് എന്നെ ക്ഷണിക്കാൻ നൂറ് ദിവസത്തിലേറെ വേണ്ടി വന്നുവല്ലേ, സാരമില്ല… ഇപ്പോൾ ഞാൻ എത്തിയല്ലോ. ചങ്ങാത്തത്തിലാകാൻ ശ്രമിക്കുന്ന മഹാനെ നന്നായി അറിയാനും പറ്റും’.
ഈ കുറിപ്പും വ്യാപകമായി പ്രചരിക്കുകയാണ്. ഇതിനുപിന്നാലെ ലൂണയ്ക്കൊപ്പമുള്ള മറ്റൊരു ഫോട്ടോ രാഹുൽ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തു. ‘ആകുലപ്പെടേണ്ട പ്രിയങ്ക, ഞങ്ങൾ ഒന്ന് നടക്കാനിറങ്ങിയതാ’ എന്ന് രാഹുൽ കുറിക്കുകയും ചെയ്തു. ഹരിയാണയിലൂടെയാണ് ഇപ്പോൾ ഭാരത് ജോഡോ യാത്ര നീങ്ങുന്നത്.
Discussion about this post