ദെഹ്‌റാദൂൺ: വാഹനാപകടത്തിൽപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ജീവന് രക്ഷകനായി അവതരിച്ച ഹരിയാണ റോഡ്വെയ്സ് ബസ് ഡ്രൈവർ സുശീൽ മാന്നിനെ ആദരിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ. റിപ്പബ്ലിക്ക് ദിനത്തിൽ സുശീൽ മാന്നിനെ ആദരിക്കുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു. ഇക്കഴിഞ്ഞ 30-ാം തീയതി പുലർച്ചെയാണ് പന്ത് ഓടിച്ച കാർ ഉത്തരാഖണ്ഡ് ഹരിദ്വാറിലെ ഡൽഹി – ദെഹ്‌റാദൂൺ ഹൈവേയിൽ മംഗളൗരിയിൽ അപകടത്തിൽപ്പെട്ടത്.
അതിവേഗത്തിലെത്തിയ കാർ ഡിവൈഡറിൽ ഇടിച്ച് നിമിഷ നേരംകൊണ്ട് തന്നെ അഗ്നിക്കിരയാവുകയായിരുന്നു. തീപിടിച്ചുകൊണ്ടിരുന്ന കാറിനുള്ളിലായിരുന്ന പന്തിനെ അതുവഴിവന്ന ഹരിയാണ റോഡ്വെയ്സ് ബസ് ഡ്രൈവർ സുശീൽ മാന്നും കണ്ടക്ടർ പരംജീത്തും ചേർന്നാണ് അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. കാറിൽ നിന്ന് പുറത്തെടുക്കുമ്പോൾ താരം രക്തത്തിൽ കുളിച്ച അവസ്ഥയിലായിരുന്നു.
ഉടൻ തന്നെ ബസിലെ യാത്രക്കാരിൽ ഒരാളുടെ തുണികൊണ്ട് പന്തിനെ പൊതിഞ്ഞു. പിന്നാലെ സുശീൽ ആംബുലൻസ് വിളിക്കുകയും ചെയ്തു. ഉടനടി ആശുപത്രിയിൽ എത്തിച്ചതാണ് താരത്തിന്റെ ജീവന് രക്ഷയായത്. പന്ത് ഓടിച്ചിരുന്ന മെഴ്‌സിഡസ് ബെൻസ് കാർ അപകടത്തിൽ പൂർണമായും കത്തിനശിച്ചിരുന്നു.
വലിയൊരു ദുരന്തത്തിൽ നിന്നുമാണ് ബസ് ജീവനക്കാരുടെ ഇടപെടലിൽ താരം കരകയറിയത്. നിലവിൽ ദെഹ്‌റാദൂണിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലാണ് ഋഷഭ് പന്ത്. അപകടത്തിൽ പന്തിന്റെ നെറ്റിയിൽ രണ്ട് മുറിവുകളാണുള്ളത്. വലതുകാൽമുട്ടിലെ ലിഗമെന്റിനും പരിക്കുണ്ട്. വലത് കൈത്തണ്ട, കണങ്കാൽ, കാൽവിരൽ എന്നീ ഇടങ്ങളിലും പരിക്കേറ്റിട്ടുണ്ടെന്ന് ദെഹ്‌റാദൂണിലെ മാക്‌സ് ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.