ബംഗളൂരു: 21കാരിയായ മകളെ ദേവദാസി സമ്പ്രദായത്തിലേക്ക് നൽകിയ സംഭവത്തിൽ മാതാപിതാക്കൾ അടക്കം നാല് പേർ അറസ്റ്റിൽ. കർണാടകയിലാണ് സംഭവം. യുവതി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. തുടർച്ചയായി രോഗബാധിതയായതിന്റെ പേരിലാണ് മകളെ ദേവദാസിയാക്കാൻ നിർബന്ധിച്ചത് എന്നാണ് മാതാപിതാക്കൾ നൽകുന്ന വിശദീകരണം.
തുടർച്ചയായി രോഗബാധിതയാകുന്നതിന് കാരണം ദൈവകോപമാണെന്നും അതിനാൽ ദൈവത്തിന് അടിയറവുവച്ച് ദേവദാസിയാക്കുന്നുവെന്നുമുള്ള വിശ്വാസത്തിലാണ് കുട്ടിയെ ക്ഷേത്രത്തിലേക്ക് കൊടുത്തത്. കൊപ്പാള ജില്ലയിലെ ചിലവ്ഗഡി എന്ന സ്ഥലത്തെ ഹൂളിഗമെ എന്ന ക്ഷേത്രത്തിലാണ് 21കാരിയായ മകളെ ദേവദാസിയാക്കാൻ നിർബന്ധിച്ചത്. പിന്നാലെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. ദേവദാസി സമ്പ്രദായം 1984 മുതൽ നിയമവിരുദ്ധമാണ്.
ദേവദാസിയാക്കി കഴിഞ്ഞാൽ തുടർന്നുള്ള ജീവിതകാലം മുഴുവൻ യുവതി ഈ ക്ഷേത്രത്തിൽ ജീവിക്കണം, യാതൊരുവിധ സാമൂഹിക ജീവിതവും പാടില്ല എന്നതാണ് ഈ അനാചാരം. സ്ത്രീ സുരക്ഷാ സംഘടനകളും ദളിത് സംഘടനകളുമടക്കം സംഭവത്തിൽ ഇടപെട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
Discussion about this post