കൊച്ചി: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലയേക്കാള്‍ താഴ്ന്ന് വ്യോമയാന ഇന്ധന വില! ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതോടെയാണ് വ്യോമയാന ഇന്ധനവില കുറച്ചത്. ചൊവ്വാഴ്ച ഒറ്റയടിക്ക് 14.7 ശതമാനമാണ് വ്യോമയാന ഇന്ധനത്തിന് വില കുറച്ചത്. ഒരു കിലോലിറ്ററിന് 9,990 രൂപ കുറഞ്ഞതോടെ വില 58,060.97 രൂപയായി.
അതായത്, ഒരു ലിറ്ററിന് 58.06 രൂപ. പെട്രോള്‍, ഡീസല്‍ എന്നിവയെക്കാള്‍ വിലക്കുറവ്. സബ്സിഡി ഇല്ലാത്ത മണ്ണെണ്ണയെക്കാള്‍ അല്പം ഉയരെയും. ഒരു ലിറ്റര്‍ പെട്രോളിന് 68.65 രൂപയും ഡീസലിന് 62.66 രൂപയുമാണ് ചൊവ്വാഴ്ച ഡല്‍ഹിയിലെ വില. കൊച്ചിയിലാകട്ടെ, പെട്രോളിന് 70.38 രൂപയും ഡീസലിന് 66.06 രൂപയുമാണ്. സാധാരണക്കാരുടെ ഇന്ധനമായ പെട്രോള്‍, ഡീസല്‍ എന്നിവയെക്കാള്‍ വ്യോമയാന ഇന്ധനത്തിന് വില കുറഞ്ഞതോടെ ജനരോഷം ഉയരുകയാണ്. വരും ദിനങ്ങളില്‍ പ്രതിഷേധം കനത്തേക്കും.
അതേസമയം, വ്യോമയാന ഇന്ധനത്തിന് ഒറ്റയടിക്ക് ഇത്രയും വില കുറയ്ക്കുന്നത് ഇതാദ്യമാണ്. തുടര്‍ച്ചയായ രണ്ടാമത്തെ മാസമാണ് വില കുറയ്ക്കുന്നത്. ഡിസംബര്‍ ഒന്നിന് കിലോലിറ്ററിന് 8,327.83 രൂപ (10.9 ശതമാനം) കുറച്ചിരുന്നു. രണ്ടു മാസം തുടര്‍ച്ചയായി വില കുറച്ചതോടെ വ്യോമയാന ഇന്ധനവില ഒരു വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തി. പ്രതിസന്ധിയില്‍ പെട്ട് ഉലയുന്ന വിമാനക്കമ്പനികള്‍ക്ക് ആശ്വാസകരമാണ് ഇത്.