റോഡ് ട്രിപ്പിനിടെ ശുചിമുറിയില്‍ പോയി തിരിച്ചെത്തിയപ്പോള്‍ വണ്ടിയിലുണ്ടായിരുന്ന ഭാര്യയെ ശ്രദ്ധിക്കാതെ ഭര്‍ത്താവ് വണ്ടിയൊടിച്ച് പോയത് 159 കിലോമീറ്റര്‍. ഇരുട്ടത്ത് ഭയന്ന് വിറച്ച് ഭാര്യ നടന്ന് താണ്ടിയത് 20 കിലോമീറ്റര്‍. മഹാ സാരഖം പ്രവിശ്യയില്‍ അവധിക്കാലം ആഘോഷിക്കാനായി റോഡ് ട്രിപ്പ് തെരഞ്ഞെടുത്ത 55കാരനായ ബൂണ്ടം ചൈമൂണിനും 49കാരിയായ ഭാര്യ അമ്നുവായ് ചൈമൂണിനുമാണ് യാത്രയ്ക്കിടയില്‍ ദുരനുഭവം ഉണ്ടായത്.
റോഡ് ട്രിപ്പിനിടെ വിശ്രമത്തിനായാണ് ബൂണ്ടം വാഹനം നിര്‍ത്തിയത്. റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്ത് പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു. ഈ സമയത്ത് ഭാര്യയും വാഹനത്തില്‍ നിന്ന് ഇറങ്ങി. എന്നാല്‍ അമ്നുവായ് തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവിനെയും കാറും കണ്ടില്ല.
അമ്നുവായ് കാറില്‍ നിന്ന് ഇറങ്ങിയ കാര്യം ശ്രദ്ധിക്കാതെ, ബൂണ്ടം വാഹനം ഓടിച്ചുപോകുകയായിരുന്നു. പ്രദേശത്ത് ഒറ്റപ്പെട്ട് പോയ ഭാര്യയ്ക്ക് മൊബൈല്‍ സൂക്ഷിച്ചിരുന്ന ബാഗ് കാറിലായിരുന്നത് കൊണ്ട് ഭര്‍ത്താവിനെ ബന്ധപ്പെടാനും സാധിച്ചില്ല.
നേരം ഇരുട്ടിയതോടെ, ഭയന്ന അമ്നുവായ് നടക്കാന്‍ തീരുമാനിക്കുകയായിരുന്നു. വഴിയില്‍ ഉപേക്ഷിച്ച് കാറുമായി പോയ ഭര്‍ത്താവിനെ തേടി അമ്നുവായ് നടന്നത് ഏകദേശം 22 കിലോമീറ്റര്‍ ദൂരമാണ്. 20 കിലോമീറ്റര്‍ നടന്ന് തൊട്ടടുത്ത ജില്ലയായ കബിന് ബുരിയില്‍ എത്തി. അവിടെ വച്ച് പോലീസിന്റെ സഹായം തേടി.
എന്നാല്‍ ഭര്‍ത്താവിന്റെ ഫോണ്‍ നമ്പര്‍ ഓര്‍ക്കാന്‍ കഴിയാതെ വന്നതോടെ, വീണ്ടും പരുങ്ങലിലായി. രാത്രിയോട് കൂടി പോലീസ് ഭര്‍ത്താവിന്റെ നമ്പര്‍ അന്വേഷിച്ച് കണ്ടെത്തി വിളിച്ചു അറിയിക്കുകയായിരുന്നു.
ബാക്ക് സീറ്റില്‍ കിടന്ന് ഉറങ്ങുകയായിരിക്കും എന്ന ധാരണയിലാണ് വാഹനം ഓടിച്ച് പോയതെന്നും വാഹനത്തില്‍ ഭാര്യയില്ല എന്ന് തിരിച്ചറിഞ്ഞതോടെ, തിരിച്ചുവരികയായിരുന്നുവെന്നും ഭര്‍ത്താവ് പറയുന്നു. ഭാര്യയെ തിരികെ കിട്ടിയപ്പോള്‍ തന്നെ ഭര്‍ത്താവ് ക്ഷമാപണവും നടത്തി. 27 വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം.
Discussion about this post