ഹൈദരാബാദ്: പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളുമായി പുതുവർഷത്തെ വരവേൽക്കാൻ ലോകമെമ്പാടും അക്ഷമയോടെ കാത്തിരിക്കുകയാണ്. പലയിടങ്ങളിലും 2023 നെ സ്വീകരിക്കാൻ ഒരുക്കങ്ങൾ നടത്തി കഴിഞ്ഞു. ഈ വേളയിൽ, ഹിന്ദു യുവാക്കൾ പുതുവത്സരം ആഘോഷിക്കരുതെന്ന ആഹ്വാനവുമായി രംഗത്ത് വന്നിരിക്കുകയാണ് തെലങ്കാന ബി.ജെ.പി എം.എൽ.എ.
സ്വയം പുറത്തിറക്കിയ വീഡിയോയിലൂടെയാണ് ഗോഷാമഹൽ എം.എൽ.എ ടി. രാജാ സിങ് ആഹ്വാനം നടത്തിയത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ആളുകൾ എല്ലാ വർഷവും പുതുവത്സരം ആഘോഷിക്കുന്നു. അത് ഇന്ത്യൻ സംസ്കാരമല്ല. പാശ്ചാത്യ സംസ്കാരമാണെന്ന് ഓർക്കാതെയാണ് ആളുകൾ പുതുവത്സരം ആഘോഷിക്കുന്നതെന്നുമാണ് രാജ സിങിന്റെ വാദം. ഇത് 200 വർഷം ഇന്ത്യ ഭരിച്ചവരുടെ സംസ്കാരമാണ്.
ഡിസംബർ 31ന് അർധരാത്രി 12 മണിയോടെ ദുരാത്മാക്കൾ ബാധിച്ചതുപോലെ ആളുകൾ ഭ്രാന്തമായി ആഘോഷങ്ങളിൽ ഏർപ്പെടുന്നു. നമ്മുടെ പുതുവത്സരം യുഗാദിയിലാണ് (ഹിന്ദു കലണ്ടർ അനുസരിച്ചുള്ള പുതുവർഷം) ആരംഭിക്കുന്നതെന്നും ബിജെപി എംഎൽഎ പറയുന്നു.
ന്യൂ ഇയർ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനെ രാജാ സിങ് വിമർശിക്കുകയും, ഇത്തരത്തിലുള്ള പാശ്ചാത്യ ആചാരം അവസാനിപ്പിക്കാനായി യുവാക്കളോട് സഹകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പുതുവത്സരാഘോഷത്തെക്കുറിച്ച് ബോധവത്ക്കരണം നൽകിയാൽ നമുക്ക് ഈ ദുരാചാരം അവസാനിപ്പിക്കാൻ കഴിയുമെന്നും എം.എൽ.എ യുവാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു
Discussion about this post