റായ്പുര്‍: അത്താഴം വിളമ്പി കൊടുക്കാത്തതിന്റെ പേരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടി കൊന്നു. ഛത്തീസ്ഗഢിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. യോഗേന്ദ്ര യാദവ് (38) ആണ് ഭാര്യ മഞ്ജീത ശ്രീവാസിനെ (32) കോടാലി കൊണ്ടു വെട്ടി കൊന്നത്.
സ്വകാര്യ ആശുപത്രിയില്‍ കമ്പൗണ്ടറായി ജോലി ചെയ്യുകയാണ് യോഗേന്ദ്ര. കഴിഞ്ഞ ദിവസം ഇയാള്‍ ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യ പുസ്തകം വായിക്കുകയായിരുന്നു. അതിനിടെയാണ് ഭാര്യയോട് അത്താഴം വിളമ്പാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മഞ്ജീത ഇത് വിസമ്മതിച്ചു.
ഇതോടെ ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ പ്രകോപിതനായി യോഗേന്ദ്ര കോടാലി ഉപയോഗിച്ച് മഞ്ജീതയെ തുടരെ തുടരെ വെട്ടുകയായിരുന്നു. അമ്മയുടെ കരച്ചില്‍ കേട്ട് ഇവരുടെ എട്ട് വയസുള്ള മകനും 10 വയസുള്ള മകളും ഓടി വന്നപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന മഞ്ജീതയെയാണ് കണ്ടത്.
പിന്നാലെ കുട്ടികള്‍ അയല്‍ക്കാരെ വിവരമറിയിച്ചു. അതിനിടെ യോഗേന്ദ്ര പോലീസില്‍ വിളിച്ച് താന്‍ കൊലപാതകം നടത്തിയ കാര്യം വെളിപ്പെടുത്തി. പിന്നാലെ പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. ദമ്പതികള്‍ തമ്മില്‍ കലഹം പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Discussion about this post