ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അയോധ്യ ക്ഷേത്ര വിഷയം കത്തിച്ച് സംഘപരിവാര്‍. രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നത് കോടതി വിധിക്കുശേഷം മാത്രം മതിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിലപാടില്‍ അതൃപ്തി അറിയിച്ച് ആര്‍എസ്എസ്. പ്രധാനമന്ത്രിയുടെ നിലപാട് ആര്‍എസ്എസ് തള്ളി. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊല പറഞ്ഞു. രാമക്ഷേത്രമെന്ന വാഗ്ദാനം പാലിക്കാനാണു ജനം ബിജെപിക്കു ഭൂരിപക്ഷം നല്‍കിയതെന്നും ഹൊസബൊല വ്യക്തമാക്കി.
എന്നാല്‍, രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള പ്രധാനമന്ത്രിയുടെ വാക്കുകളെ മികച്ച നീക്കമെന്നാണ് ആര്‍എസ്എസ് വൃത്തങ്ങള്‍ വിലയിരുത്തുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ ശിവസേനയും രംഗത്തെത്തിയിട്ടുണ്ട്. മോഡിക്ക് ശ്രീരാമനെക്കാള്‍ വലുതാണോ നിയമമെന്നു ശിവസേന വക്താവ് സഞ്ജയ് റാവത്തും ചോദിച്ചു.
അയോധ്യ വിഷയത്തില്‍ നിയമ നടപടികള്‍ അവസാനിച്ചശേഷം മാത്രമായിരിക്കും സര്‍ക്കാര്‍ മുന്നോട്ടുപോകുകയെന്നാണു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്കു നല്കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി പ്രതികരിച്ചത്. കേസിലെ നിയമ നടപടികള്‍ അവസാനിക്കട്ടെ, സര്‍ക്കാര്‍ എന്ന നിലയില്‍ അതിനുശേഷം ഉത്തരവാദിത്തങ്ങള്‍ നടപ്പാക്കാന്‍ തയാറാണ്. ഭരണഘടനയ്ക്ക് അനുസൃതമായി മാത്രമായിരിക്കും വിഷയത്തില്‍ തീരുമാനമെടുക്കുകയെന്ന് ബിജെപി പ്രകടന പത്രികയില്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. അയോധ്യ കേസില്‍ സുപ്രീംകോടതിയില്‍ കോണ്‍ഗ്രസിന്റെ അഭിഭാഷകര്‍ തടസങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അഭിമുഖത്തില്‍ പ്രധാനമന്ത്രി ആരോപിച്ചു.
അതേസമയം, രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സ് പുറത്തിറക്കുന്നതിനുള്ള സാധ്യത പ്രധാനമന്ത്രി തള്ളിയില്ല. ഓര്‍ഡിനന്‍സ് ഉടനില്ല, സുപ്രീംകോടതി വിധി വരുംവരെ കാത്തിരിക്കുമെന്നായിരുന്നു ആദ്യ പ്രതികരണത്തില്‍ പ്രധാനമന്ത്രിയുടെ നിലപാട്.
Discussion about this post