ന്യൂഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയില്‍ മാതാപിതാക്കള്‍ കൊടുംതണുപ്പില്‍ ഉപേക്ഷിച്ച കുഞ്ഞിനെ മുലപ്പാല്‍ നല്‍കി രക്ഷിച്ച് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ഭാര്യ. എസ്എച്ച്ഒ വിനോദ് സിങ്ങിന്റെ ഭാര്യ ജ്യോതി സിങ്ങാണ് ദൈവദൂതയായെത്തി കുഞ്ഞിനെ രക്ഷിച്ചത്.
ഡിസംബര്‍ ഇരുപതാം തീയതിയാണ് നോളജ് പാര്‍ക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് തുണിയില്‍ പൊതിഞ്ഞ നിലയില്‍ പെണ്‍കുഞ്ഞിനെ കണ്ടെടുത്തത്.
പോലീസ് എത്തുമ്പോള്‍ കുഞ്ഞിന്റെ അവസ്ഥ വളരെ മോശമായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിശപ്പും തണുപ്പും കാരണം കുഞ്ഞ് നിര്‍ത്താതെ കരയുകയായിരുന്നു. ഈ സമയത്ത് കുഞ്ഞിനു പാലു നല്‍കാന്‍ ജ്യോതി സന്നദ്ധയാവുകയായിരുന്നു.
കുഞ്ഞ് വിശന്നു കരയുന്നത് കണ്ടപ്പോള്‍ സഹിക്കാനായില്ലെന്നും അതിനാലാണ് പാലൂട്ടാന്‍ തീരുമാനിച്ചതെന്നും ജ്യോതി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പ്രതികരിച്ചു. അതേസമയം, ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി പോലീസ് അറിയിച്ചു.