സ്വയം സംരക്ഷിക്കാന്‍ അവകാശമുണ്ട്: എല്ലാ ഹിന്ദുക്കളും വീട്ടിലെ കത്തികള്‍ മൂര്‍ച്ച കൂട്ടി വയ്ക്കണം; പ്രഗ്യാസിങ് താക്കൂര്‍

ശിവമോഗ: എല്ലാ ഹിന്ദുക്കളും വീട്ടില്‍ കത്തികള്‍ മൂര്‍ച്ച കൂട്ടി വയ്ക്കണമെന്ന് ആഹ്വാനവുമായി ബിജെപി എംപി പ്രഗ്യാസിങ് താക്കൂര്‍ രംഗത്ത്. എല്ലാവര്‍ക്കും സ്വയം സംരക്ഷിക്കാന്‍ അവകാശമുള്ളതിനാല്‍ കുറഞ്ഞത് അവരുടെ വീടുകളിലെ കത്തികള്‍ മൂര്‍ച്ചയുള്ളതായി സൂക്ഷിക്കണമെന്ന് പ്രഗ്യ ഹിന്ദുക്കളോട് ആഹ്വാനം ചെയ്തു.

‘തങ്ങള്‍ക്കും തങ്ങളുടെ അഭിമാനത്തിനും നേര്‍ക്ക് ആക്രമണം നടത്തുന്നവരെ പ്രതിരോധിക്കാന്‍ ഓരോ ഹിന്ദുവിനും അവകാശമുണ്ട്. എല്ലാ ഹിന്ദുക്കള്‍ക്കും സ്വയം സംരക്ഷിക്കാന്‍ അവകാശമുണ്ട്. അവര്‍ക്ക് ജിഹാദിന്റെ പാരമ്പര്യമുണ്ട്. മറ്റൊന്നും ചെയ്യുന്നില്ലെങ്കിലും അവര്‍ ലൗ ജിഹാദ് ചെയ്യുന്നു. നമ്മള്‍ ഹിന്ദുക്കള്‍ ദൈവത്തെ സ്‌നേഹിക്കുന്നു. ഓരോ സന്യാസിയും തന്റെ ദൈവത്തെ സ്‌നേഹിക്കുന്നു’- പ്രഗ്യാസിങ് പറഞ്ഞു.

‘ദൈവം സൃഷ്ടിച്ച ഈ ലോകത്ത് എല്ലാ പീഡകരെയും പാപികളെയും അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ പ്രണയത്തിന്റെ യഥാര്‍ഥ നിര്‍വചനം ഇവിടെ നിലനില്‍ക്കില്ല. അതിനാല്‍ ലൗ ജിഹാദില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അതേ രീതിയില്‍ മറുപടി നല്‍കുക. നിങ്ങളുടെ പെണ്‍കുട്ടികളെ സംരക്ഷിക്കുക. ശരിയായ മൂല്യങ്ങള്‍ പഠിപ്പിക്കുക’- ഞായറാഴ്ച ഹിന്ദു ജാഗരണ വേദിയുടെ ദക്ഷിണമേഖലാ വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കവെ എംപി പറഞ്ഞു.

‘നിങ്ങളുടെ വീടുകളില്‍ ആയുധങ്ങള്‍ സുക്ഷിക്കണം, മറ്റൊന്നുമില്ലെങ്കിലും കത്തികളെങ്കിലും മൂര്‍ച്ച കൂട്ടി സൂക്ഷിക്കണം. എന്താണ് സംഭവിക്കുന്നതെന്ന് പറയാനാവില്ല. എല്ലാവര്‍ക്കും സ്വയം സംരക്ഷണത്തിനുള്ള അവകാശമുണ്ട്. ആരെങ്കിലും നമ്മുടെ വീട്ടില്‍ നുഴഞ്ഞുകയറി ആക്രമിക്കുകയാണെങ്കില്‍, ഉചിതമായ മറുപടി നല്‍കുന്നത് നമ്മുടെ അവകാശമാണ്’- അവര്‍ പറഞ്ഞു.

മിഷനറി സ്ഥാപനങ്ങളില്‍ കുട്ടികളെ പഠിപ്പിക്കുന്നതിനെതിരെ മാതാപിതാക്കളെ ഉപദേശിച്ചും താക്കൂര്‍ രംഗത്തെത്തി. ‘അത് ചെയ്യുന്നതിലൂടെ വൃദ്ധസദനങ്ങളുടെ വാതിലുകള്‍ നിങ്ങള്‍ നിങ്ങള്‍ക്കായി തുറക്കും. മിഷനറി സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം നല്‍കുന്നതിലൂടെ കുട്ടികള്‍ നിങ്ങളുടേതല്ലാതായി മാറും. നിങ്ങളുടെ സംസ്‌കാരവും ആകില്ല. അവര്‍ വൃദ്ധസദനങ്ങളുടെ സംസ്‌കാരത്തില്‍ വളരുകയും സ്വാര്‍ഥരാകുകയും ചെയ്യും’- ഹിന്ദുത്വ നേതാവ് പറഞ്ഞു.

‘നിങ്ങളുടെ വീട്ടില്‍ പൂജകള്‍ ചെയ്യുക. ധര്‍മത്തെക്കുറിച്ചും ശാസ്ത്രത്തെക്കുറിച്ചും വായിക്കുക. നിങ്ങളുടെ കുട്ടികളെ അതിനെക്കുറിച്ച് പഠിപ്പിക്കുക. അതുവഴി കുട്ടികള്‍ക്ക് നമ്മുടെ സംസ്‌കാരത്തെയും മൂല്യങ്ങളെയും കുറിച്ച് അറിയാനാവും’- പ്രഗ്യാസിങ് കൂട്ടിച്ചേര്‍ത്തു.

മുമ്പും നിരവധി തവണ വിവാദ-വിദ്വേഷ-കലാപാഹ്വാന പ്രസ്താവനകള്‍ നടത്തി വിവാദത്തിലായിട്ടുള്ള നേതാവ് പ്രഗ്യാസിങ് താക്കൂര്‍. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ടത് തന്റെ ശാപം മൂലമാണെന്ന വിവാദ പ്രസ്താവനയുമായി പ്രഗ്യാസിങ് താക്കൂര്‍ രംഗത്തുവന്നിരുന്നു. തന്നെ മലേഗാവ് സ്‌ഫോടന കേസില്‍പ്പെടുത്തിയതോടെ അയാളുടെ സാമ്രാജ്യം നശിക്കുമെന്ന് താന്‍ ശപിച്ചിരുന്നു. അതുപോലെ തന്നെ സംഭവിച്ചു- അവര്‍ പറഞ്ഞു. പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് മലേഗാവ് സ്‌ഫോടനക്കേസില്‍ ജാമ്യം നേടിയ പ്രഗ്യാസിങ് താക്കൂര്‍ കബഡി കളിച്ചും ഡാന്‍സ് കളിച്ചും രംഗത്തെത്തിയത് വിവാദമായിരുന്നു.

Exit mobile version