ജോലിക്ക് കയറും മുന്‍പേ പിരിച്ചുവിടപ്പെട്ട ഹതഭാഗ്യനായ ഒരു ഇന്ത്യന്‍ ടെക്കിയാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ വാര്‍ത്തകളിലെ താരം. ആമസോണിന്റെ ഓഫര്‍ ലെറ്റര്‍ വിശ്വസിച്ച് മൈക്രോസോഫ്റ്റില്‍ ഉണ്ടായിരുന്ന ജോലി കളഞ്ഞ് കാനഡയിലേക്ക് പറന്ന ഇന്ത്യന്‍ യുവാവിനാണ് എട്ടിന്റെപണി കിട്ടിയത്.
ബംഗളൂരു സ്വദേശി ആരുഷ് നാഗ്പാലാണ് അമേരിക്കന്‍ ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ തീരുമാനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായത്. ആമസോണില്‍ നിന്ന് ലഭിച്ച ജോബ് ഓഫറില്‍ പ്രതീക്ഷയര്‍പ്പിച്ച് മൈക്രോസോഫ്റ്റ് ഇന്ത്യയിലെ സുരക്ഷിതമായ ജോലിയും ഉപേക്ഷിച്ച് കാനഡയില്‍ പോയതായിരുന്നു ആരുഷ്.
സ്വന്തം നാട്ടില്‍ തന്നെയുള്ള ജോലി വേണ്ടെന്ന് വെച്ച് കാനഡയില്‍ താമസം തുടങ്ങിയപ്പോഴാണ് ആമസോണ്‍ ജോബ് ഓഫര്‍ പിന്‍വലിച്ചതായി ആരുഷിനെ അറിയിച്ചത്. ഇതോടെ ലിങ്ക്ഡ്ഇന്നില്‍ തന്റെ സങ്കടം വിവരിച്ചുകൊണ്ട് ആരുഷ് പോസ്റ്റിട്ടതോടെയാണ് സംഭവം പുറത്ത് അറിയുന്നത്.
ആമസോണ്‍ കാനഡയിലെ ഓഫീസിലേക്കാണ് ആരുഷിനെ ക്ഷണിച്ചത്. ഓഫര്‍ പ്രകാരം കാനഡയിലെ വാന്‍ഗൂവറിലേക്ക് ആരുഷ് താമസം മാറുകയും ചെയ്തു. എന്നാല്‍ ജോയിന്‍ ചെയ്യേണ്ട തീയതിയുടെ തലേന്ന് ഓഫര്‍ പിന്‍വലിച്ചതായി കമ്പനിയുടെ അറിയിപ്പ് ലഭിക്കുകയും ചെയ്തു.
കാനഡയിലേക്ക് പുറപ്പെടും മുമ്പ് യാത്രാവിവരം കമ്പനിയെ അറിയിച്ചിരുന്നുവെന്നും വര്‍ക്ക് പെര്‍മിറ്റ് ഉള്‍പ്പടെ തനിക്ക് ലഭിച്ചുവെന്നും ആരുഷ് സാക്ഷ്യപ്പെടുത്തുന്നു. പതിനായിരത്തോളം ജീവനക്കാരെയായിരുന്നു സമീപകാലത്തായി ആമസോണ്‍ പിരിച്ചുവിട്ടത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകളെ കമ്പനി പിരിച്ചുവിടാന്‍ ഒരുങ്ങുകയുമാണ്. എന്നാല്‍, അതിനെല്ലാം പുറമേ, ചില പുതിയ നിയമനക്കാര്‍ക്ക് അയച്ച ഓഫര്‍ ലെറ്ററുകളും ആമസോണ്‍ റദ്ദാക്കുന്നുണ്ടെന്നാണ് അറിയുന്നത്.