തമിഴ്നാട്: ജാതിയും മതവും നോക്കിയില്ല, ഇരുനൂറ് വര്‍ഷത്തിലധികം പഴക്കമുള്ള മുസ്ലിം പള്ളി പുതുക്കി നിര്‍മ്മിച്ച് നാട്ടുകാര്‍. കാരക്കുടി പനങ്കുടി ഗ്രാമത്തിലെ നിവാസികളാണ് മതവിദ്വേഷവും തര്‍ക്കങ്ങളും കൊടുംബിനി കൊള്ളുന്ന ഇക്കാലത്ത് സമൂഹത്തിന് മാതൃകയായി മാറിയത്.
ഇരുനൂറ് വര്‍ഷത്തിലധികം പഴക്കമുള്ളതായിരുന്നു ഇവിടത്തെ മുസ്ലീം പള്ളി. ജീര്‍ണാവസ്ഥയിലെത്തിയ പള്ളി പുതുക്കി പണിയാന്‍ പള്ളിക്കമ്മിറ്റിയാണ് തീരുമാനിത്. എന്നാല്‍ തീരുമാനം മാത്രമായിരുന്നു കമ്മിറ്റിയുടെത്. ബാക്കിയുള്ളതൊക്കെ എല്ലാവരും ഒറ്റകെട്ടായി നിന്ന് ചെയ്തു തീര്‍ത്തു.
ഒന്നര കോടി രൂപ ചിലവില്‍ പനങ്കുടി ഗ്രാമത്തില്‍ മതസൗഹാര്‍ദ്ദത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും പ്രതീകമായി പുതിയ മസ്ജിദ്. പണി പൂര്‍ത്തിയായി ഗ്രാമത്തിലെ എല്ലാ മതവിഭാഗങ്ങളുടേയും പങ്കാളിത്തത്തോടെയാണ് പുതിയ പള്ളി നിര്‍മ്മിച്ചിരിക്കുന്നത്.
ഈ ഗ്രാമത്തില്‍ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങള്‍ ഒരു മതില്‍ക്കെട്ടിന്റെ പോലും വേര്‍തിരിവില്ലാതെ അടുത്തടുത്തായാണ് സ്ഥിതി ചെയ്യുന്നത്. മസ്ജിദ് തുറക്കുന്ന വേളയില്‍, ക്ഷേത്രത്തില്‍ പ്രത്യേക പൂജകളുണ്ടായിരുന്നു. പള്ളിയിലും എല്ലാവരുമെത്തി. അങ്ങനെ എല്ലാവരും ചേര്‍ന്ന് പനങ്കുടിയെ മറ്റുള്ളവര്‍ക്ക് മാതൃകയാക്കി മാറ്റുകയാണ്.
Discussion about this post