ലഖ്‌നോ: ഒഴിഞ്ഞ പറമ്പില്‍ നിന്ന് 10 അടി നീളമുള്ള തുരങ്കം നിര്‍മ്മിച്ച് എസ്ബിഐയില്‍ നിന്നും 2 കിലോയോളം സ്വര്‍ണ്ണം കവര്‍ന്നു. കാണ്‍പൂരിലെ ഭാനോട്ടി ശാഖയിലാണ് കവര്‍ച്ച നടന്നത്. ഒരു കോടി രൂപ വിലമതിക്കുന്ന 1.8 കിലോ ഗ്രാം സ്വര്‍ണ്ണമാണ് കവര്‍ന്നത്.
നാല് അടി വീതിയില്‍ ഒഴിഞ്ഞ പറമ്പില്‍ നിന്ന് ബാങ്കിലേക്ക് തുരങ്കം നിര്‍മ്മിച്ച മോഷ്ടാക്കള്‍ സ്‌ട്രോങ് റൂമില്‍ കടന്ന് സ്വര്‍ണം സൂക്ഷിച്ചിരിക്കുന്ന സേഫ് തകര്‍ത്താണ് മോഷണം നടത്തിയത്. എന്നാല്‍, ബാങ്കില്‍ സൂക്ഷിച്ചിരുന്ന 32 ലക്ഷം രൂപ ഇവര്‍ക്ക് മോഷ്ടിക്കാന്‍ സാധിച്ചിട്ടില്ല.
ഒരു കോടി രൂപയുടെ നഷ്ടമുണ്ടായതായി ബാങ്ക് അധികൃതര്‍ പറഞ്ഞു. പോലീസും ഫോറന്‍സിക് വിദഗ്ധരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബാങ്കിലേക്കുള്ള തുരങ്കം കണ്ടെത്തിയത്. ബാങ്കിലുള്ള ആരുടേയെങ്കിലും അറിവോടെയാണോ കുറ്റകൃത്യം നടന്നതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെയാണ് മോഷണവിവരം പുറത്തറിയുന്നത്. കവര്‍ച്ച സംബന്ധിച്ച് ചില പ്രാഥമിക സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഫിംഗര്‍പ്രിന്റ് ഉള്‍പ്പടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
സ്വര്‍ണം സൂക്ഷിച്ചിരിക്കുന്ന സേഫ് തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. വായ്പക്കായി പണയംവെച്ച 29 പേരുടെ സ്വര്‍ണമാണ് നഷ്ടമായതെന്ന് ബാങ്ക മാനേജര്‍ നീരജ് റായ് പറഞ്ഞു.